തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പ്ളാറ്റ്ഫോമിനടിയിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ ചെളിയും മാലിന്യങ്ങളും നീക്കിയില്ലെങ്കില്‍ നഗരം വെളളത്തില്‍ മുങ്ങുമെന്ന ഇറിഗേഷന്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് റെയില്‍വേ അവഗണിച്ചു. റെയില്‍വേ ഫണ്ടുപയോഗിച്ച് മാലിന്യം നീക്കുമെന്ന് അറിയിച്ചെങ്കിലും നടപ്പായില്ലെന്നാണ് ഇറിഗേഷന്‍ വകുപ്പിന്റെ ആരോപണം. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്് മനോരമ ന്യൂസിന് ലഭിച്ചു.
ആമയിഴഞ്ചാന്‍ മാലിന്യ പ്രശ്നത്തില്‍ വിവാദം കൊഴുക്കുമ്പോഴും കൊച്ചുവേളി റയില്‍വേ സ്റ്റേഷനിലും മാലിന്യമല അതേപടിയുണ്ട്.
കോര്‍പറേഷനും റെയില്‍വേയും മേജര്‍ ഇറിഗേഷനും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാലിന്യ കൂമ്പാരത്തിന്‍റെ ആഴം ശരിക്കും തെളിഞ്ഞ് കണ്ടത്. ഏപ്രില്‍ 20 നായിരുന്നു പരിശോധന. പരിശോധനയ്ക്ക് ശേഷം ഇറിഗേഷന്‍ വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണിത്. റെയില്‍വേ സ്റ്റേഷന്റെ അടിയില്‍ മാത്രം തോട്ടില്‍ 1050 ഘനമീറ്റര്‍ കനത്തില്‍ മണ്ണും ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടിയിട്ടുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടിലുളളത്. റിപ്പോര്‍ട്ട് റയില്‍വേ അധികൃതര്‍ കണ്ട ഭാവം നടിച്ചില്ല. കോര്‍പറേഷനാണെങ്കില്‍ മൂന്ന് തവണ റെയില്‍വേയ്ക്ക് നോട്ടീസ് അയച്ച് കൈകഴുകി. മഴയെത്തുംമുമ്പേ അധികൃതര്‍ അനങ്ങിയിരുന്നെങ്കില്‍ ജോയി ഇപ്പോഴും നമുക്കൊപ്പം ഉണ്ടായിരുന്നേനെ. മൂന്നും അഞ്ചും പ്ളാററ്ഫോമുകളിലെ ഒാടകള്‍ ആമയിഴഞ്ചാന്‍ തോട്ടിലേയ്ക്കാണ് ബന്ധിപ്പിച്ചിരിക്കുന്നതെന്ന ഗുരുതര ആരോപണവും റെയില്‍വേയ്ക്കു നേരെ കോര്‍പറേഷന്‍ ഉയര്‍ത്തുന്നു.
കരാറുകാരന്‍ മാലിന്യം നീക്കാന്‍ വൈകുന്നതു കൊണ്ട് ചില ദിവസങ്ങളില്‍ കൂടുതല്‍ മാലിന്യം ഉണ്ടാകുന്നുവെന്നാണ് റെയില്‍വേയുടെ ന്യായീകരണം. പക്ഷേ കാലങ്ങളായി കെട്ടിക്കിടക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങളാണിതെന്ന് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടിയ കോര്‍പറേഷന്‍ റെയില്‍വേയോട് മറുപടിയും തേടിയിട്ടുണ്ട്.