കെ.എസ്.ഇ.ബി ജീവനക്കാർക്കും ഓഫീസുകൾക്കും നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, വൈദ്യുതി ബോര്‍ഡിന്‍റെ ഓഫിസുകളില്‍ സി.സി.ടി.വി സ്ഥാപിക്കാന്‍ തീരുമാനം. പൊതുജനസമ്പര്‍ക്കമുള്ള എല്ലാ ഓഫിസുകളിലുമാണ് ക്യാമറ ഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഓഫിസുകളുടെ ലാന്‍ഡ്ഫോണുകളില്‍ റെക്കോഡിങ് സംവിധാനം ഏര്‍പ്പെടുത്താനും ഉത്തരവിട്ടു.
പത്തനംതിട്ട ജില്ലയിലെ വായ്പൂർ കെ.എസ്.ഇ.ബി ഓഫീസിൽ ഏപ്രിലില്‍ ഉണ്ടായ അക്രമം മൊബൈല്‍ ഫോണിലാണ് റെക്കോര്‍ഡുചെയ്തത്. എന്നാല്‍ എപ്പോഴും അത് സാധ്യമായെന്നു വരില്ല. അതുകൊണ്ടാണ് പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടാകുന്ന വൈദ്യുതി ബോര്‍ഡ് ഓഫിസുകളില്‍ സി.സി.ടി.വി സ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചത്. ശബ്ദവും റെക്കോഡുചെയ്യാന്‍ പറ്റുന്ന സംവിധാനമാണ് സ്ഥാപിക്കുക. ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫസുകള്‍, ഫ്രണ്ട് ഓഫിസുകള്‍, ക്യാഷ് കൗണ്ടറുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, എ.ഇയുടെയും എസ്.ഇയുടെയും മുറികള്‍ തുടങ്ങിയവയില്‍ സിസിടിവി ക്യാമറങ്ങള്‍ സ്ഥാപിക്കാനാണ് വിതരണ വിഭാഗം ചീഫ് എന്‍ജീയര്‍മാര്‍ക്ക് ചുമതല നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
കുറഞ്ഞത് രണ്ടാഴ്ചത്തെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കും. ഫ്രണ്ട് ഓഫിസിലോ റിസപ്ഷനിലോ ഉള്ള ലാന്‍ഡ്ഫോണില്‍ റെക്കോഡിങ് സംവിധാനം ഉണ്ടാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പല അക്രമങ്ങളിലും പ്രതികള്‍ മതിയായ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. ഒരു വർഷത്തില്‍ മാത്രം ജീവനക്കാര്‍ക്ക് നേരെ ഉണ്ടായത് 24 ആക്രമണങ്ങളാണുണ്ടായത്. ആശുപത്രിസംരക്ഷണ നിയമത്തിന്റെ മാതൃകയില്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് കെ.എസ്.ഇ.ബി. ഇതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് നേരെ അഞ്ചുവര്‍ഷത്തിനിടെ നേരിടേണ്ടിവന്ന അക്രമങ്ങളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്.