മാലിന്യമാണ് ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്ന വിഷയം.ആമയിഴഞ്ചാന്‍ തോടും ജോയിയുടെ മരണവും ഈ ചര്‍ച്ചക്ക് ആക്കം കൂട്ടി. ഇതിനിടെയാണ് മാലിന്യത്തിലും തട്ടിപ്പോ എന്ന ചോദ്യമുയരും വിധം പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. കൊച്ചിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പ്ലാസ്റ്റിക് ഉള്പ്പെടുള്ള മാലിന്യവുമായി പോയ രണ്ടു ലോറിഡ്രൈവര്‍മാര്‍ ഏജന്റുമാരുടെ തട്ടിപ്പിനിരയായി. ഏജന്റുമാരാള്‍ കബളിപ്പിക്കപ്പെട്ട് പിടിയിലായ രണ്ടു ഡ്രൈവര്‍മാരും രണ്ടു മാസമായി കോയമ്പത്തൂര്‍ ജയിലിലാണ്. തൊടുപുഴ സ്വദേശി ബ്ലെസ്സന്‍, കട്ടപ്പന സ്വദേശി അനൂപ് എന്നിവരാണ് കോയമ്പത്തൂര്‍ പൊലീസിന്റെ പിടിയിലായത്.
ഈ ഡ്രൈവര്‍മാര്‍ ഓടിച്ച ലോറികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയില്‍ ഹരിതകര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമുള്‍പ്പടെ കൊയമ്പത്തൂരിലേക്ക് അനധികൃതമായി കടത്തുന്ന വന്‍ റാക്കറ്റിന്റെ തട്ടിപ്പിലാണ് ഡ്രൈവര്‍മാര് പെട്ടുപോയത്. ലോഡ് അതിര്‍ത്തി കടന്നശേഷം ഏജന്റുമാര്‍ പിന്‍മാറും.ഇതാണ് തട്ടിപ്പിന്റെ രീതി. 9500രൂപ പറഞ്ഞുറപ്പിച്ച ശേഷമാണ് മേയ് 14ന് ലോറികളില്‍ മാലിന്യം കയറ്റിവിട്ടത്.
മട്ടാഞ്ചേരിയിലെയും,പെരുമ്പാവൂരിലെയും യാർഡിലെ മാലിന്യം കോയമ്പത്തൂരിലെ സിമന്റ് കമ്പനിയിൽ എത്തിക്കണം എന്ന ആവശ്യത്തില്‍ ഓട്ടം എടുത്ത ഡ്രൈവര്‍മാരായ തൊടുപുഴ സ്വദേശി ബ്ലസ്സനും, കട്ടപ്പന സ്വദേശി അനൂപുമാണ് തമിഴ്നാട്ടില്‍ അറസ്റ്റിലായത് .കോയമ്പത്തൂരിലെത്തി ലോഡിൽ നിന്ന് ചില കെട്ടുകൾ ഏജന്റുമാർ യാർഡിലേക്ക് മാറ്റി. എന്നാൽ ബാക്കി ഇറക്കാൻ സമയമെടുക്കുമെന്നും കാത്തിരിക്കണമെന്നും ഏജന്റുമാർ പറഞ്ഞു. ഈ കാത്തിരിപ്പിനിടെ ആയിരുന്നു അറസ്റ്റ്.
തൊടുപുഴ സ്വദേശി തന്‍സീം, പറവൂര്‍ കവല ഷൈജു എന്നിവരുടെ ഉടമസ്ഥതിയുള്ളതാണ് ലോറികള്‍.. പലതവണ ആവശ്യപ്പെട്ടെങ്കിലും ലോറികള്‍ പാലക്കാട് കടക്കുംവരെ ഏജന്റുമാര്‍ ബില്‍ നല്‍കിയില്ല. അതിര്‍ത്തി കഴിഞ്ഞപ്പോള്‍ പാലക്കാട് നിന്നും കോയമ്പത്തൂര്‍ വരെയുള്ള ബില്‍ നല്‍കി. മാലിന്യം എവിടെ നിന്നാണെന്ന് തിരിച്ചറിയാതിരിക്കാനാണ് വ്യാജബില്‍ നല്‍കിയതെന്നാണ് ലോറിഉടമകളുടെ നിഗമനം.
അതേസമയം കൊച്ചിയില്‍ നിന്ന് ഏജറ്റുമാര്‍വഴി തമിഴ്നാട്ടിലെയ്ക്ക് മാലിന്യം കടത്തിയതിന്റെ ഉത്തരവാദിത്വം കൊച്ചി കോര്‍പ്പറേഷനും, സെക്രട്ടറിയ്ക്കുമാണെന്ന് പ്രതിപക്ഷം. വിവരങ്ങള്‍ അറിയാതെ മാലിന്യം ഏജന്‍സികള്‍ക്ക് നല്‍കിയത് കോര്‍പ്പറേഷന്റെ വീഴ്ചയാണെന്ന് കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് ആന്റണി കുര്യത്തറ പറഞ്ഞു. മാലിന്യകടത്തില്‍ ഏജന്റുമാര്‍ കൈവിട്ടതോടെ തമിഴ്നാട്ടില്‍ പിടിയിലായ രണ്ട് ഡ്രൈവര്‍മാര്‍ ജാമ്യം കിട്ടാതെ അറുപത് ദിവസത്തിലെറെയായി ജയിലിലാണ്.
കോയമ്പത്തൂർ നഗരസഭയുടെ പരിശോധനയ്ക്കിടെ മാലിന്യം നിറച്ച ലോറി പിടിച്ചെടുത്തപ്പോഴാണ് തമിഴ്നാട്ടിലെയ്ക്കുള്ള മാലിന്യക്കടത്ത് പുറത്തുവന്നത്. മാലിന്യം കടത്തിയതിന് ഡ്രൈവർമാർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതോടെ ഏജന്റുമാര്‍ കയ്യൊഴിഞ്ഞു. വിഷയത്തില്‍ എറണാകുളം ജില്ല ലോറി ഓണേഴ്സ് അസ്സോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. നഗരത്തിലെ ഹരിതകർമ്മസേനയുടെ പേരിൽ കബളിപ്പിച്ച് കോയമ്പത്തൂരിലേക്ക് മാലിന്യം കടത്തുന്നു എന്നാണ് പരാതിയിലെ ആരോപണം.മാലിന്യകടത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷം. അതേസമയം വിവരം ശ്രദ്ധയിൽപ്പെട്ടില്ലെന്നും രണ്ട് സ്വകാര്യ ഏജൻസികൾക്കാണ് കൊച്ചിയിൽ മാലിന്യ സംസ്കരണ ചുമതല എന്നുമാണ് മേയർ എം അനിൽകുമാറിന്‍റെ പ്രതികരണം.