ഷിരൂര്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലില്‍  വീഴ്ചയില്ലെന്ന് കര്‍ണാകട മുഖ്യമന്ത്രി സിദ്ധരാമയ്യ. രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസമുണ്ടായിട്ടില്ല. വന്‍ മണ്ണിടിച്ചിലാണ് ഉണ്ടായത്. പ്രതിസന്ധിയുണ്ടാക്കിയത് മഴ മാത്രമാണ്. ജീവന്‍ പണയംവച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമാണ്. ആദ്യദിനം മുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍പെട്ടത് പത്തുപേരാണ്. 

ഇനി കണ്ടെത്താനുളളത് മൂന്നുപേരെയാണെന്നും  മുഖ്യമന്ത്രി വിശദീകരിച്ചു. 

റോഡില്‍ വീണ മണ്ണിന്‍റെ 98 ശതമാനം മാറ്റിയെന്ന് കര്‍ണാടക റവന്യു മന്ത്രി കൃഷ്ണബൈര ഗൗഡ പറഞ്ഞു. ട്രക്കിന്‍റെ സാന്നിധ്യം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റഡാര്‍ സിഗ്നല്‍ നല്‍കിയ സ്ഥലങ്ങളിലെല്ലാം പരിശോധന പൂര്‍ത്തിയാക്കി. തൊട്ടടുത്ത പുഴയില്‍  മണ്ണുമല രൂപപ്പെട്ടിട്ടുണ്ട്.  അതിനടിയില്‍ ഉണ്ടോ എന്ന് അറിയില്ല. സൈന്യത്തിന്‍റെ നിര്‍ദേശപ്രകാരം തിരച്ചില്‍ തുടരും. എല്ലാ സാധ്യതയും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

അര്‍ജുനായി കാത്തിരിപ്പ്...

അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസവും പുരോഗമിക്കുകയാണ്. കൂടുതൽ യന്ത്രങ്ങളും ലോറികളും എത്തിച്ചതോടെ  വേഗത്തിൽ മണ്ണ് നീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് രണ്ടരയോടെ കരസേനയും തിരച്ചിലിന്റെ ഭാഗമായി. 

ദുരന്ത നിവാരണ സേനാംഗങ്ങൾ എല്ലാം എത്തിയിട്ടും രാവിലെ രക്ഷാ പ്രവർത്തനം വൈകി . ഒടുവിൽ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉത്തര കന്നഡ ജില്ലാ കലകടറുമായി ബന്ധപ്പെട്ടതോടെയാണ് പ്രവൃത്തി ആരംഭിച്ചത്. വൈകാതെ കാർവാർ എം. എൽ. എ സതീഷ് സാലേയിൽ എത്തിയതോടെ കാര്യങ്ങൾക്ക് വേഗത കൂടി. എം.എൽ.എ നേരിട്ട്  ഏകോപന  ചുമതല ഏറ്റെടുത്തതോടെ മണ്ണ് നീക്കത്തിനു ശക്തി കൈവന്നു. ഇന്നലെ രണ്ടാം ഘട്ട റഡാർ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ ഭാഗത്തെ മണ്ണാണ് നീക്കി തിരച്ചില്‍ നടത്തി

ഉത്തരാഘണ്ട് ദുരന്തത്തിലെ രക്ഷാ പ്രവർത്തനത്തിലടക്കം പങ്കെടുത്ത മലയാളി രഞ്ജിത്ത് ഇസ്രായേലിയുടെ മേൽനോട്ടത്തിൽ ആണ് രക്ഷാപ്രവർത്തനം മുന്നേറുന്നത്. മണ്ണ് നീക്കം വേഗത്തിലായത്തോടെ കഴിഞ്ഞ 5 ദിവസമായി ഷിരിറൂരിലെ  റോഡിൽ കാത്തിരിക്കുന്ന അർജുന്റെ കുടുംബാഗങ്ങൾക്കും ആശ്വാസമായി. ഇനി കുറച്ച് സ്ഥലത്തെ മണ്ണ് മാത്രമാണ് മാറ്റാനുള്ളതെന്നും ഫോണ്‍ റിങ് ചെയ്തതിലാണ് പ്രതീക്ഷയെന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ്  ജിതിന്‍ മനോരമ ന്യൂസിനോട്  പറഞ്ഞു . 

ENGLISH SUMMARY:

Ankola landslide: All eyes on Shirur as Army arrives to trace missing Kozhikode man