അര്‍ജുനായി തിരച്ചില്‍ നടത്തുന്ന ഷിരൂരില്‍ മഴ തുടരുന്നത് ആശങ്ക. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും തുടരുന്ന മഴ തിരച്ചിലിന് തിരിച്ചടിയായേക്കും. ഇന്ന് പരിശോധന റഡാറില്‍ തെളിഞ്ഞ ലോറിയെന്ന് കരുതുന്ന സ്ഥലത്ത്. രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമെന്ന്് കാര്‍വാര്‍ എംഎല്‍എ. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, അര്‍ജുനായുള്ള തിരച്ചിലില്‍ ഐഎസ്ആര്‍ഒയുടെ സഹായം തേടി കര്‍ണാടക സര്‍ക്കാര്‍. അപകടസമയത്തെ ഉപഗ്രഹചിത്രങ്ങള്‍ ലഭിക്കാനുള്ള സാധ്യത തേടി. കെ.സി വേണുഗോപാല്‍ എംപി ഐഎസ്ആര്‍ഒ ചെയര്‍മാനുമായി സംസാരിച്ചു. ഉപഗ്രഹചിത്രങ്ങള്‍ ലഭ്യമാക്കാമെന്ന് ഡോ.എസ്.സോമനാഥ് അറിയിച്ചു.
അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യമിറങ്ങും. രാവിലെ മുതല്‍ തിരച്ചില്‍ ദൗത്യം സൈന്യം ഏറ്റെടുക്കും. ബെലഗാവിയില്‍നിന്നുള്ള 60 അംഗ സംഘമാണ് എത്തുക. തിരച്ചിലിന് സൈന്യം ഇറങ്ങണമെന്ന് അര്‍ജുന്‍റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. സൈന്യമെത്തുന്നത് കര്‍ണാടക സര്‍ക്കാരിന്‍റെ ആവശ്യപ്രകാരമാണ്.
അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്കാണ് കടക്കുന്നത്. ഇന്നലെ രാത്രി 8 മണിയോടെ നിർത്തിയ തിരച്ചിൽ രാവിലെ വെളിച്ചം വീഴുന്നതോടെ പുനരാഭിക്കും. മണ്ണിടിച്ചിൽ കൈകാര്യം ചെയ്തു പരിചയമുള്ള കരസേന വിഭാഗവും കൂടി ദൗത്യസംഘതിന്റെ ഭാഗമാകുന്നതോടെ മണ്ണ് നീക്കുന്ന ജോലികൾക്ക് വേഗത കൈവരിക്കും. ഗ്രൗണ്ട് പെനിറെട്രെറ്റിങ് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിൽ വാഹന സാനിധ്യമെന്നു സംശയിക്കുന്ന ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ തിരച്ചിൽ.
അർജുന്റെ രക്ഷാപ്രവർത്തനത്തിൽ കർണാടകയുടേത് അലംഭാവമെന്ന് ആരോപിച്ച് കോഴിക്കോട് കണ്ണാടിക്കലിൽ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. അരമണിക്കൂറോളം നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി.വസീഫും, എംഎൽഎമാരായ ലിന്റോ ജോസഫും, സച്ചിൻ ദേവും പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയിരുന്നു.
ഇന്നലെ റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ചാണ് ഇന്നത്തെ രക്ഷാപ്രവർത്തനമെന്ന് ഷിരൂർ ദൗത്യസംഘത്തിൽ ഉൾപ്പെട്ട രഞ്ജിത്ത് ഇസ്രായേലി മനോരമ ന്യൂസിനോട് പറഞ്ഞു. രാത്രിയിൽ തന്നെ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് നിന്ന് മണ്ണ് നീക്കം ചെയ്ത് തുടങ്ങി. മണ്ണ് നീക്കം ചെയ്യുന്നതിനനുസരിച്ച് മണ്ണിടിയാനുള്ള സാധ്യതയുമുണ്ട്. ലോറിയാണെന്ന് ഉറപ്പാക്കാവുന്ന സിഗ്നൽ ഇതുവരെ ലഭിച്ചിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു.