കണ്ണൂർ മാങ്ങാട്ടിടം മട്ടിപ്രത്ത് ക്വാറിയിലേക്ക് മണ്ണിടിഞ്ഞ് സമീപത്തെ വീടുകൾ തകർന്നു. മട്ടിപ്രം സ്വദേശി ബാബുവിന്റെ വീട് പൂർണ്ണമായും രണ്ടു വീടുകൾ ഭാഗികമായുമാണ് തകർന്നത് . ക്വാറയിലെ വെള്ളക്കെട്ടിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞാണ് അപകടം. ഒരാളെ പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാബുവിന്റെ ഭാര്യ ലീലയ്ക്കാണ് പരിക്കേറ്റത്. പുലർച്ചെ പശുവിനെ കറക്കാൻ ബാബു പുറത്തിറങ്ങിയിരുന്നതിനാൽ പരിക്കേറ്റില്ല. വീട് പൂർണ്ണമായും തകർന്നു. 200 മീറ്ററോളം താഴെയുള്ള രണ്ട് കോൺക്രീറ്റ് വീടുകൾക്ക് മുകളിൽ വരെ പാറക്കല്ലുകൾ കുതിച്ചെത്തി. കോൺക്രീറ്റ് അടർന്നുവീണു. വീടുകൾ താമസ യോഗ്യമല്ലാതായി. ഒരു ഓട്ടോറിക്ഷയും സ്കൂട്ടറും തകർന്നു. പ്രദേശത്തെ 13 കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനാണ് തീരുമാനം. ആളപായം കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്.