karvar-mla-sp-manaf

ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ കാണാതായ അര്‍ജുന്റെ ലോറി ഉടമ മനാഫിനെ എസ്.പി പിടിച്ചുതള്ളിയത് ബോധപൂര്‍വമല്ലെന്ന് കാര്‍വാര്‍ എം.എല്‍.എ. ലോറി ഉടമയോട് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും എംഎല്‍എ. രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമാണെന്നും ഇന്ന് ശുഭവാര്‍ത്തയുണ്ടാകുമെന്ന് പ്രതീക്ഷയെന്നും എം.എല്‍.എ മനോരമ ന്യൂസിനോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രായേലിയെ എത്തിച്ചത് സംബന്ധിച്ച് തര്‍ക്കത്തിലാണ് കാര്‍വാര്‍ എസ്.പി മനാഫിന്റെ മുഖത്തടിച്ചെന്നും പിടിച്ചുതള്ളിയെന്നും പരാതി. തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.

 

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചു; 11 മണിയോടെ ബെലഗാവിയില്‍നിന്നുള്ള സൈന്യത്തിന്റെ 60 അംഗ സംഘം പ്രദേശത്തെത്തി തിരച്ചിലിന്റെ ഭാഗമാകും. തിരച്ചിലിന് സൈന്യത്തെ വിളിക്കണമെന്ന് അര്‍ജുന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.  തിരച്ചില്‍ കൃത്യം ദിശയിലെന്ന് ദൗത്യസംഘാംഗം രഞ്ജിത് ഇസ്രയേല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. തിരച്ചില്‍ നടക്കുന്നിടത്ത് ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. റഡാറില്‍ തെളിഞ്ഞ ലോറിയുണ്ടെന്ന് കരുതുന്ന സ്ഥലത്താണ് പരിശോധന.

ഐഎസ്ആര്‍ഒയുടെ സഹായവും കര്‍ണാടക സര്‍ക്കാര്‍ തേടി. അപകടസമയത്തെ ഉപഗ്രഹ ദൃശ്യങ്ങള്‍ ലഭ്യമാക്കാനുള്ള സാധ്യതയാണ് തേടിയത്. ഷിരൂരിലെ അപകടസമയത്തെ ഉപഗ്രഹചിത്രങ്ങള്‍ ലഭ്യമാക്കുമെന്ന് ഡോ.എസ്.സോമനാഥ് അറിയിച്ചു. കെ.സി വേണുഗോപാല്‍ എം.പി ഐ.എസ്.ആര്‍.ഒ ചെയര്‍മാനുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് നടപടി. അർജുൻ എവിടെയെന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ഉണ്ടാകും എന്ന്  ഷിരിരൂരിൽ എകോപന ചുമതലയുള്ള കാസര്‍കോട് ഡി.വൈ.എസ്.പി പ്രേം സദൻ പറഞ്ഞു.