കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച മലയാളി കുടുംബത്തിലെ നാലുപേരുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. വ്യാഴാഴ്ച്ചയാണ് സംസ്കാരം.
രാവിലെ 8.45ന്‍റെ എമിരേറ്റ്സ് വിമാനത്തിലാണ് ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യു വർഗ്ഗീസ്, ഭാര്യ ലിനി മക്കളായ ഐറിൻ, ഐസക്ക് എന്നിവരുടെ മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 10 മണിയോടെ മൃതദേഹം പുറത്തെത്തിച്ചു.
നാലുപേരുടെയും മൃതദേഹങ്ങൾ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിക്കും. വ്യാഴാഴ്ച്ച രാവിലെ പൊതുദർശനത്തിനും സംസ്കാര ശുശ്രൂഷകൾക്കുമായി മൃതദേഹങ്ങൾ നീരേറ്റുപുറത്തെ വസതിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച തലവടി പടിഞ്ഞാറേക്കര മാർത്തോമ പള്ളിയിലാണ് സംസ്കാരം. വെള്ളിയാഴ്ചയാണ് കുവൈത്തിലെ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ നാലുപേരും മരിച്ചത്. എസി ഷോർട്ട് സർക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം