school-e-coli

TOPICS COVERED

എറണാകുളം ഉപജില്ലയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ഇ കോളി ബാക്ടീരിയയുള്ള വെള്ളം. ജല അതോറിറ്റിയിൽ നിന്നുള്ള വെള്ളത്തിലാണ് കോളിഫോം, ഇ കോളി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഈ വെള്ളം സൂപ്പർ ക്ലോറിനേഷൻ ചെയ്യാൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദ്ദേശം നൽകി.

 

തൃക്കാക്കര ഡിഎൽഎഫ് ഫ്ലാറ്റുകളിലെ വയറിളക്ക ബാധയ്ക്ക് പിന്നാലെയാണ് എറണാകുളം ഉപജില്ലയിലെ സ്കൂളുകളിലെ കുടിവെള്ളം പരിശോധിക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നിർദ്ദേശം നൽകിയത്. ഇതിന്റെ ഭാഗമായാണ്, സ്കൂൾ അധികൃതർ  കുടിവെള്ളം പരിശോധിച്ചത്. പരിശോധനയിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്ന വെള്ളത്തിൽ കോളിഫോം, ഈ കോളി ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. എല്ലാ സ്കൂളുകളിലും ഉപയോഗിക്കുന്നത് ജല അതോറിറ്റിട്ടിയുടെ വെള്ളം. ടാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളമുൾപ്പെടെ സൂപ്പർ ക്ലോറിനേഷൻ ചെയ്യണമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ നിർദ്ദേശം നൽകി. കത്തിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.

സൂപ്പർ ക്ലോറിനേഷന് ശേഷം വെള്ളം വീണ്ടും പരിശോധിക്കണം. അപകടകാരികളായ ബാക്ടീരിയരുടെ സാന്നിധ്യം ഇല്ലെന്ന് സ്ഥിരീകരിച്ചെങ്കിൽ മാത്രമേ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാവൂ. ഇതുവരെ പരിശോധനാ റിപ്പോർട്ട് നൽകാത്ത സ്കൂളുകളോട് വിശദീകരണവും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകളിലെ കുടിവെള്ളത്തിൽ ഇ കോളിയുടെ സാന്നിധ്യം കണ്ടെത്തിയതിൽ രക്ഷിതാക്കളും ആശങ്കയിലാണ്.

ENGLISH SUMMARY:

Water used to prepare lunch in schools in Ernakulam Sub district confirmed with E coli bacteria.