amayizhanchan-canal

ആമയിഴഞ്ചാന്‍ തോട്ടിലേക്കുള്ള മാലിന്യ നീക്കം തടഞ്ഞില്ലെന്ന കാരണത്താല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്ത് തിരുവനന്തപുരം കോര്‍പറേഷന്‍.  മാലിന്യപ്രശ്നത്തില്‍ റയില്‍വേയെ  പഴിചാരുന്നതിനിടെയാണ് സ്വന്തം ഉദ്യോഗസ്ഥനെ തന്നെ കോര്‍പറേഷനു സസ്പെന്‍ഡ് ചെയ്യേണ്ടി വന്നത്. ജോയിയുടെ മരണം നടന്ന തമ്പാനൂര്‍ ഉള്‍പ്പെടെ വരുന്ന സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ കെ.ഗണേഷ് കുമാറിനെതിരെയാണ് നടപടി.

ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്നത്തില്‍ റെയില്‍വേയെ പഴിചാരി മേയര്‍ക്കൊപ്പം മന്ത്രിമാരും രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് മലിന ജലം പൊതു ഓടയിലേക്ക് ഒഴുക്കി വിടുന്നത് തടഞ്ഞില്ലെന്ന കുറ്റത്തിനു സ്വന്തം ഉദ്യോഗസ്ഥനെ തന്നെ സസ്പെന്‍ഡ് ചെയ്യേണ്ടി വന്നത്. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യനീക്കത്തിനിടെ ജോയി അപകടത്തില്‍പെട്ട തമ്പാനൂര്‍ അടക്കം ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കെ.ഗണേഷ്കുമാര്‍ സസ്പെന്‍ഷനിലായത്. തോട് വൃത്തിയാക്കുക, മാലിന്യ നീക്കം തടയുക എന്നീ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്നു ആഭ്യന്തര അന്വേഷണത്തിലും തെളിഞ്ഞതായാണ് സൂചന. 

 

സ്വകാര്യ സ്ഥാപനത്തിലെ മാലിന്യ നീക്കം തടഞ്ഞില്ല, സ്ഥാപനത്തിനെതിരെ നടപടിയെടുക്കുന്നതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല തുടങ്ങിയ കുറ്റങ്ങളാണ്  സസ്പെന്‍ഷനു കാരണമായി  ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ആമയിഴഞ്ചായന്‍ തോട്ടില്‍ മാലിന്യം നിറയുന്നതില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രിതല യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിനു പിന്നാലെയാണ് നടപടി കടുപ്പിച്ച് കോര്‍പറേഷന്‍ രംഗത്തെത്തിയതും കോര്‍പറേഷന്‍ ഉദ്യോഗസ്ഥനു തന്നെ സസ്പെന്‍ഷന്‍ വന്നതും. 

ENGLISH SUMMARY:

Thiruvananthapuram Corporation suspends health inspector for not stopping waste disposal in Amayizhanchan creek