ishawr-malpa27

കർണാടക ഷിരൂരിലെ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായി തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. പുഴയിലിറങ്ങിയ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പയെ ബന്ധിച്ച കയര്‍പൊട്ടി. മാല്‍പയെ സുരക്ഷിതനായി കരയ്ക്കെത്തിച്ചു

ഡ്രോണ്‍ പരിശോധന അവസാനിപ്പിച്ചു. തിരച്ചില്‍ സംഘം ഷിരൂരില്‍ തുടരും. ദൗത്യത്തിന് വേണ്ട സഹായങ്ങള്‍ നല്‍കും. പുഴയില്‍ ഇറങ്ങാനുള്ള സാധ്യത  ദൗത്യസംഘം പരിശോധിക്കുന്നു. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പയും സംഘത്തില്‍. ഉന്നതതലയോഗത്തില്‍ ഉത്തര കന്നഡ കലക്ടറോട്  മന്ത്രി റിയാസ് കടുപ്പിച്ച് സംസാരിച്ചു. പൊങ്ങിക്കിടക്കുന്ന ചങ്ങാടം എത്തിക്കാൻ കഴിയില്ലെന്ന് കലക്ടർ നിലപാടെടുത്തു. മുൻ തീരുമാന പ്രകാരം ചങ്ങാടം എത്തിയേപറ്റൂവെന്ന് മന്ത്രിയും പറഞ്ഞു. 

തിരച്ചിൽ12ാം ദിവസവും കാര്യമായ പുരോഗതിയില്ല. കുത്തൊഴുക്കുള്ള പുഴയിൽ ഇറങ്ങാനായി ഫ്ലോട്ടിങ് പ്ലാറ്റ്ഫോം കൊണ്ടുവരാനുള്ള  തീരുമാനം അവസാനം നിമിഷം സാങ്കേതിക പ്രശ്നം ചൂണ്ടി കാണിച്ചു ഉത്തരകന്നട ജില്ലാ ഭരണകൂടം മാറ്റി. സംഘത്തിലേക്ക് പ്രാദേശിക മത്സത്തൊഴിലാളികളെ  ഉൾപ്പെടുത്തിയെങ്കിലും ബദൽ മാർഗങ്ങൾ ഉപയോഗപെടുത്തുന്നതിൽ ഇതുവരെ കൃത്യമായ തീരുമാനം ഉണ്ടായിട്ടില്ല.

 

വെള്ളത്തിൽ ഉറപ്പിച്ചു നിർത്തുന്ന  പ്ലാറ്റ്ഫോമിൽ നിന്ന് മുങ്ങൽ വിദഗ്ധർ  ട്രക്കിന് അടുത്തേക്ക് എത്തുമെന്ന പ്രഖ്യാപനത്തിലായിരുന്നു ആകെയുള്ള പ്രതീക്ഷ. പക്ഷേ സാങ്കേതിക കാരണത്താൽ ഗോവയിൽ നിന്ന് ഫ്ലോട്ടിങ് ഫ്ലാറ്റ് ഫോം എത്തിക്കാനായില്ല. പ്രശ്നങ്ങൾ പരിഹരിച്ചു വൈകീട്ടോടെ എത്തിക്കാമെന്ന ഒഴുഴുക്കൻ മറുപടിയാണ്  ഉത്തര കന്നഡ ജില്ലാ ഭരണ കൂടത്തിൽ നിന്ന്  ഷിരൂറിൽ ക്യാംപ് ചെയ്യുന്ന മന്ത്രി മുഹമ്മദ് റിയാസിന് ലഭിച്ചത്.

7 അംഗ പ്രാദേശിക മത്സ്യത്തൊഴിലാളികളെ തിരച്ചിൽ സംഘത്തിൽ ഉൾപ്പെടുത്തി. പുഴയെ കുറിച്ചുള്ള ഇവരുടെ അറിവുകൾ കൂടി ഉൾപ്പെടുത്തി നാവിക സേന പദ്ധതി തയ്യാറാക്കും. അടിയൊഴുക്കിൽ പെടാതെ ട്രക്കിന് അടുത്തേക്ക് എത്താൻ കഴിയുമെന്ന് ഉറപ്പിച്ചാലെ വെള്ളത്തിൽ ഇറങ്ങാൻ അനുമതി നൽകൂവെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ അറിയിച്ചു.

ഫ്ലോട്ടിങ് ഫ്ലാറ്റ്ഫോമിന് പകരം  ടഗ്ഗ് ബോട്ട് കൊണ്ടുവരാൻ  ശ്രമം തുടങ്ങിയിട്ടുണ്ട്. പക്ഷെ ഇന്നത്തെ തിരച്ചിലിന് ഉപയോഗിക്കാൻ കഴിയില്ല. രാത്രിയോടെ മാത്രമേ ടഗ്ഗ്  ബോട്ട് എത്തൂ. ട്രക്കിനുള്ളിൽ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. പരിശോധന റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറി

രണ്ടുദിവസം നീണ്ടുനിന്ന ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഡ്രോൺ പരിശോധനയിൽ നാല് പോയിന്റുകളാണ് കണ്ടെത്തിയത്. ഒന്നാമത്തേത് കരയിൽ നിന്ന് 165 മീറ്റർ അകലെ. രണ്ടാമത്തെത് 65മീറ്ററും മൂന്നാമത്തേത് 110 മീറ്ററും. 132 മീറ്റർ അകലെയുള്ള നാലാമത്തെ പോയിന്റിൽ ലോറി ഉണ്ടാകാനാണ് സാധ്യത കൂടുതൽ. ഡ്രൈവറുടെ ക്യാബിൻ മുകളിൽ വരുന്ന രീതിയിലാണ് ലോറിയുടെ സ്ഥാനം. മണ്ണിലും ചെളിയിലും വാഹനം പുതഞ്ഞു കിടക്കുകയാണ്. മുകൾഭാഗത്തുള്ള ക്യാബിന് കെടുപാടുകൾ ഉണ്ടായിരിക്കാം.പുഴയിലെ അടിയൊഴുക്കിൽ ക്യാബിന് സ്ഥാന ചലനമുണ്ടാകാനും സാധ്യതയുണ്ട്. 

വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന പരിശോധനയിൽ വാഹനത്തിനുള്ളിൽ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ മനുഷ്യ സാന്നിധ്യം ഇല്ലെന്ന് പറയാനും കഴിയില്ല. 7 നോട്ടിന് മുകളിലാണ് ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക്. ഈ സാഹചര്യത്തിൽ മുങ്ങൽ വിദഗ്ധർക്ക് ഒരിക്കലും പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രക്ഷാപ്രവർത്തകരുടെ ജീവന് തന്നെ ഇത് ഭീഷണിയാകും.

ENGLISH SUMMARY:

Ankola landslide: Underwater search expert Eshwar Malpe's team joins search for Arjun