അടിയൊഴുക്ക് ശക്തമായ ഗംഗാവലിപുഴിയിൽ അർജുനായുള്ള തിരച്ചലിന് പ്രാദേശിക സഹായം ഉപയോഗപ്പെടുത്തും. മത്സ്യതൊഴിലാളികളുടെ സംഘത്തെ ഉൾപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉന്നതതല യോഗശേഷം പറഞ്ഞു. നേവിയുടെ മുങ്ങൽ വിദഗ്ധരിൽ കൂടതൽ വൈദഗ്ധ്യമുള്ളവരുണ്ടെങ്കിൽ എത്തിക്കണമെന്നാണ് കേരളത്തിൻറെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.
'രക്ഷാപ്രവർത്തനത്തിന് പുഴയിലിറങ്ങാൻ കോൺഫിഡൻസോടെ പ്രാദേശിക മത്സ്യതൊഴിലാളികളുടെ സംഘമുണ്ട്. അവർ കാര്യങ്ങൾക്ക് തയ്യാറാണ്. അവരെ ഉൾപ്പെടുത്തും. പ്രധാനപ്പെട്ട നേവൽ ബേസിലെ സംവിധാനങ്ങൾ കൊണ്ടുവരാനുണ്ടെങ്കിൽ പരിശോധിക്കണം. സാധ്യമായ എല്ലാ ശ്രമങ്ങളും രാജ്യത്തെ എല്ലാ സംവിധാനങ്ങളും കൊണ്ടുവരണമെന്നാണ് കേരളത്തിൻറെ ആവശ്യം' മന്ത്രി പറഞ്ഞു.
അതേസമയം, പ്രതികൂല കാലാവസ്ഥയിൽ തിരച്ചിൽ നടത്തി അനുഭവസമ്പത്തുള്ള ഈശ്വർ മാൾപ്പയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം തിരച്ചലിനായി ഷിരൂരിലെത്തി. പ്രതികൂല കാലാവസ്ഥയിൽ തിരച്ചിൽ നടത്തി അനുഭവസമ്പത്തുള്ള സംഘമാണ് ഷിരൂരിലെത്തിയത്. നാവികസേനയുടെ മുന്നിലുള്ള പ്രതിസന്ധികൾ നേരിടാനാകുമെന്ന് ഈശ്വർ മാൾപ്പ പറഞ്ഞു. ശക്തമായ അടിയൊഴുക്കും കലങ്ങി ഒഴുകുന്നതുമാണ് നേവി നേരിടുന്ന പ്രശ്നം. രണ്ടും നേരിടാൻ പറ്റുമെന്ന പ്രത്യാശ അദ്ദേഹം പ്രകടിപ്പിച്ചു. സമാന സാഹചര്യത്തിൽ പരിശോധന നടത്തിയെന്ന അനുഭവസമ്പത്തുണ്ട്. ആയിരത്തിലധികം മൃതദേഹങ്ങൾ മുങ്ങിയെടുത്തിട്ടുണ്ട്. വാഹനത്തിനെ ഇരുമ്പ് വടവുമായി ബന്ധിപ്പിക്കാൻ സാധിച്ചാൽ താഴേക്ക് ഊഴ്ന്നിറങ്ങി തിരച്ചിൽ നടത്താമെന്നും അദ്ദേഹം പറഞ്ഞു.