കേരള സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനെ ചൊല്ലി തര്‍ക്കവും സംഘര്‍ഷവും. സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് നടത്തണമെന്ന് ഇടത് അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ കോടതി വിധി വന്നശേഷം മതിയെന്ന് വി.സി നിലപാട് എടുത്തു. വോട്ടെണ്ണല്‍ ഉടന്‍ വേണ്ടെന്ന് ബിജെപി അംഗങ്ങളും പിന്തുണച്ചു. ഇതോടെ വോട്ടെണ്ണാതെ പുറത്തേക്ക് പോകാന്‍ വി.സിയെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഇടത് അംഗങ്ങള്‍ വി.സിയെ ഉപരോധിക്കാന്‍ തുടങ്ങി. ഇതാണ് ബഹളത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് സര്‍വകലാശാല കവാടം എസ്.എഫ്.ഐയും ഉപരോധിച്ചു. ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചുവെങ്കിലും പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.