TOPICS COVERED

മാവോയിസ്റ്റ് നേതാവ് സോമൻകൂടി അഴിക്കുള്ളിലായതോടെ കേരളത്തിൽ അവശേഷിക്കുന്ന മാവോയിസ്റ്റുകളുടെ എണ്ണം രണ്ടായി ചുരുങ്ങി. വയനാട് തലപ്പുഴ, ആറളം മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രണ്ടുപേരെയും ഉടൻ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പൊലീസും ഭീകരവിരുദ്ധ സേനയും..

കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെയാണ് സോമൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഭീകര വിരുദ്ധ സേനയുടെ പിടിയിലായത്. കേരളത്തിൽ ആകെ അവശേഷിക്കുന്നെന്ന് കരുതുന്ന മൂന്നു മാവോയിസ്റ്റുകളിൽ ഒരാളാണ് സോമൻ. കബനി ധളം രൂപീകരിച്ച് വയനാട്ടിലെ കാടുകളിലും ആറളം മേഖലയിലും പ്രവർത്തിച്ചു വരവേയാണ് സോമൻ അകത്തായത്. സംഘത്തിൽ ഇനി അവശേഷിക്കുന്നത് സിപി മൊയ്തീനും സന്തോഷും മാത്രം. 

ദളത്തിൽ പെട്ട ഉണ്ണിമായയും ചന്ദ്രുവും കഴിഞ്ഞ നവംബറിലാണ് അറസ്റ്റിലായത്, ഈ മാസം പതിനാലിനു മനോജ്‌ കൊച്ചിയിൽ വെച്ച് പിടിയിലായി. കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റതോടെ കർണാടക സ്വദേശി സുരേഷും കീഴടങ്ങി. കബനീദളം ഏരിയാ സെക്രട്ടറിയും മുൻ കമാൻഡറുമായ ആന്ധ്ര സ്വദേശി കവിത, ആറളത്തെ അയ്യംകുന്നിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കർണാടക, തമിഴ്നാട് സ്വദേശികളായ മറ്റു മാവോയിസ്റ്റുകൾ കൂടി കേരളം വിട്ടതോടെ എണ്ണം രണ്ടിലൊതുങ്ങി. 

തലപ്പുഴ മക്കിമലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് കണ്ടെത്തിയതോടെ പ്രദേശത്ത് പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും നിരീക്ഷണം ശക്തമാക്കിയിരുന്നു. ഭക്ഷണമടക്കം കടുത്ത വെല്ലുവിളി നേരിടുന്നതോടെ ശേഷിക്കുന്നവരും ഉടൻ പിടിയിലാകുമെന്നാണ് സേനയുടെ പ്രതീക്ഷ..

ENGLISH SUMMARY:

The number of Maoists left in Kerala has reduced to two