ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

TOPICS COVERED

വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ പോത്തുണ്ടി അണക്കെട്ട് ഉച്ചയ്ക്ക് രണ്ടുമണിക്ക് തുറക്കുമെന്ന് പാലക്കാട് കലക്ടര്‍. രാവിലെ 8 മണിക്ക് ഡാമിലെ ജലനിരപ്പ് 106.02 മീറ്ററായിരുന്നു. ബ്ലൂ അവർട്ട് ലെവൽ 106.71 മീറ്ററും ഓറഞ്ച് അലർട്ട് ലവൽ 107.21 മീറ്ററുമാണ്. ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന് സ്പില്‍വേ ഷട്ടറുകള്‍ നിയന്ത്രിതമായി തുറക്കാനാണ് തീരുമാനം. പോത്തുണ്ടി പുഴയുടെയും ഗായത്രി പുഴയുടെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. 

കനത്ത മഴ തുടരുന്നതിനാല്‍ പാലക്കാട് ജില്ലയിൽ മുൻകരുതലുകൾ നടപടികള്‍ വിപുലീകരിച്ചു. വെള്ളക്കെട്ടിലായി വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. മീങ്കര, മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളിൽ നിന്നും മൂലത്തറ റെഗുലേറ്ററിൽ നിന്നും പുഴകളിലേക്ക് വെള്ളം ഒഴുക്കുന്നുണ്ട്. മലമ്പുഴ അണക്കെട്ടിലെ ജലനിരപ്പ് 111.77 മീറ്റര്‍ (8 AM) ആണ്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് മലമ്പുഴ ഡാമിന്റെയും ഷട്ടറുകൾ  തുറക്കേണ്ടിവരുമെന്ന് കലക്ടര്‍ അറിയിച്ചു. സ്പിൽവേ ഷട്ടറുകൾ തുറന്നാൽ കൽപ്പാത്തി പുഴ വഴി വെള്ളം പറളിയിൽ ഭാരതപ്പുഴയിൽ എത്തിച്ചേരും.

കനത്ത മഴയെത്തുടർന്ന് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം, നെല്ലിയാമ്പതി അട്ടപ്പാടി ചുരം വഴിയുള്ള യാത്ര എന്നിവ നിരോധിച്ചിട്ടുണ്ട്. പട്ടാമ്പി പാലം വഴി ഇരുചക്ര വാഹനങ്ങളും കർണാടക യാത്രക്കാരുടെ യാത്രയും നിയന്ത്രിച്ചിട്ടുണ്ട്. ഖനന പ്രവർത്തനങ്ങളും വിലക്കി. വെള്ളക്കെട്ടുള്ള റോഡുകളിലൂടെയും ചപ്പാത്ത് പാലങ്ങളിലൂടെയുമുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു. ദുര്‍ബലമായ വീടുകളിൽ താമസിക്കുന്നവര്‍ അധികൃതരുടെ സഹായത്തോടെ മാറിത്താമസിക്കണം. ജനപ്രതിനിധികളുടെയും പഞ്ചായത്ത്, വില്ലേജ് തല ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

ENGLISH SUMMARY:

Pothundi Dam will be opened at 2 pm, Palakkad Collector said. Those on the banks of Pothundi River and Gayatri River should be cautious.