വയനാട്ടില്‍ ഉരുള്‍പൊട്ടിയ മുണ്ടകൈയില്‍ രക്ഷാപ്രവര്‍ത്തനം അതിദുഷ്കരം. സംഭവ സ്ഥലത്ത് ഒരുപാട് പേര്‍ മണ്ണിനിടിയിലാണെന്ന് മുന്‍ പഞ്ചായത്തംഗവും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിലുള്ള വ്യക്തിയുമായ അബ്ദുള്‍ കലാം പറഞ്ഞു. ഒരുപാട് വീട് മണ്ണിനടിയിലാണ്. കുറച്ച് പേരെ രക്ഷപ്പടുത്തിയെങ്കിലും പുറത്തെത്തിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
'10-30 വീട് പൂര്‍ണമായും കാണുന്നില്ല. ബാക്കി കുന്നില്‍ ചെരുവിലാണ്. അവിടെ എത്താന്‍ സാധിക്കില്ല. ഒരു വീട്ടില്‍ 5 പേരെങ്കിലും ഉണ്ടാകും. വിചാരിക്കുന്നതിനേക്കാള്‍ ഭീകരമാണ് അവസ്ഥ', കലാം പറഞ്ഞു. കണ്ടെത്തിയ മൃതദേഹങ്ങള്‍ വയറ് കീറിയ അവസ്ഥയിലാണ്. സ്ട്രെച്ചറില്ലാതെ എടുക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു.
കലാം നില്‍ക്കുന്നിടത്ത് 200 ഓളം പേരാണ് കുടുങ്ങി കിടക്കുന്നത്. ഇരുട്ടുന്നതിന് മുന്‍പ് ആറ് മണിയോടെ ഇവരെ പുറത്തെത്തിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. ഇതിനായി താല്‍ക്കാലിക പാലമുണ്ടാക്കണം. നിലവില്‍ കുഴപ്പമില്ലെങ്കിലും ഇവിടം സെയ്ഫല്ലെന്നും ഒഴിപ്പിക്കണമെന്നും അബ്ദുള്‍ കലാം ആവശ്യപ്പെട്ടു. ചൂരല്‍മലയിലാണ് സംവിധാനങ്ങളുള്ളത്. കോണ്‍ക്രീറ്റ് കട്ടര്‍ അടക്കം മുണ്ടകൈയിലേക്ക് കണ്ടു വന്ന് രക്ഷാപ്രവര്‍ത്തനം നടത്തണമെന്നുമാണ് ആവശ്യം.
അതേസമയം സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 48 മണിക്കൂര്‍ കൂടി മഴ ശക്തമായി തുടരും. മണ്ണിടിച്ചില്‍ സാധ്യതുള്ളിടത്ത് നിന്ന് മാറി താമസിക്കണമെന്നും കാലാവസ്ഥ കേന്ദ്രം ആവശ്യപ്പെടുന്നു.