''കുറച്ചുപേരെ ഞങ്ങള്‍ രക്ഷപ്പെടുത്തി ഒരു കുന്നിന്‍മുകളില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇവരെ പുറം ലോകത്ത് എത്തിക്കണം. കുറേയധികം ആളുകള്‍ മണ്ണിനടിയിലാണ്. ഇവിടെ നിന്ന് കിട്ടിയ മൃതദേഹങ്ങളൊക്കെ ഇവിടെയുള്ള ഒരു മദ്രസയില്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. ഒരുപാട് വീടുകള്‍ തകര്‍ന്നു തരിപ്പണമായിട്ടുണ്ട്.വീടുണ്ടായിരുന്നു എന്നുപോലും തോന്നാത്തവിധമാണ് ഇവിടെ ഇപ്പോഴുള്ളത്. പത്തിരുന്നൂറോളം ആളുകളാണ് ഇവിടെയുള്ളത്. വളരെ അപകടകരമായ അവസ്ഥയിലാണ് ഞങ്ങള്‍''. ദുരന്തവാര്‍ത്തയറിഞ്ഞ് രാവിലെ തന്നെ പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായെത്തിയ മുന്‍ പഞ്ചായത്തംഗം കൂടിയായ അബ്ദുള്‍സലാമിന്‍റെ വാക്കുകള്‍ .
നിരവധിപേര്‍ മാരകമായി മുറിവേറ്റ് മരണത്തോട് മല്ലടിക്കുകയാണ്.വയറുവരെ കീറി ഗുരുതരാവസ്ഥയിലായവരുണ്ട്. സ്ട്രെക്ചര്‍ ഒന്നുമില്ലാതെ അവരെയൊക്കെ എടുക്കാന്‍ പോലുമാവാത്ത അവസ്ഥയാണ്. അതിനിടയില്‍ ഇനിയും ഉരുള്‍പൊട്ടലുണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ്. വെള്ളം കുത്തിയൊഴുകുകയാണ് ഞങ്ങളുടെ ആളുകളെല്ലാം ഇവിടെ പലയിടത്തായി ചിതറിപ്പോയിരിക്കുകയാണ് .ഇവരെ വിട്ടിട്ട് ഞങ്ങള്‍ക്ക് വരാനാവില്ല. ഇവരെ ചുമന്നെത്തിക്കാനുമാവില്ല. വടംകെട്ടി മരങ്ങള്‍ മാറ്റിയാണ് ഞങ്ങള്‍ ഇവിടെവരെയെങ്കിലും എത്തിയത്. ഇരുട്ടുംമുന്‍പേ ഞങ്ങളെ പുറംലോകത്തെത്തിക്കണം, എല്ലാവരോടും അപേക്ഷിക്കുകയാണ്, യാചിക്കുകയാണ് ഞങ്ങള്‍..
മുന്‍ പഞ്ചായത്തംഗം കൂടിയാണ് അബ്ദുള്‍സലാം. നിരവധിപേരാണ് മുണ്ടകൈ ഭാഗത്ത് കുടുങ്ങിക്കിടക്കുന്നത്. അന്‍പതോളം വീടുകള്‍ തകര്‍ന്നതായാണ് വിവരം.
സംസ്ഥാനത്ത് ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഉരുള്‍െപാട്ടലാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നത്. 84പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.