വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. 31 മൃതദേഹങ്ങള്‍ കണ്ടെത്തി. 24 മൃതദേഹങ്ങള്‍ മേപ്പാടിയിലെ ആശുപത്രികളിലാണ്. 70 പേര്‍ക്ക് പരുക്കേറ്റു. മേപ്പാടി ആശുപത്രിയില്‍ 18, സ്വകാര്യ ആശുപത്രിയില്‍ 6 മൃതദേഹങ്ങള്‍. പുഴയിലൂടെ ചാലിയാറിലെ മുണ്ടേരിയില്‍ ഏഴുമൃതദേഹങ്ങള്‍ ഒഴുകിയെത്തി. മുണ്ടകൈയ്ക്ക് രണ്ടു കി.മീ. അകലെ അട്ടമലയില്‍ ആറു മൃതദേഹങ്ങള്‍ കണ്ടതായി നാട്ടുകാര്‍ അറിയിച്ചു.
മുണ്ടക്കൈ പുഴ ഒഴുകിയെത്തുന്നത് മുണ്ടേരി വഴി ചാലിയാറിലേക്കാണ്. ചൂരല്‍മലയിലെ ഹോംസ്റ്റേയില്‍ താമസിച്ച് ഒഡീഷക്കാരായ രണ്ട് ഡോക്ടര്‍മാര്‍മാരെ കാണാനില്ല. ഒരു വനിതാ ഡോക്ടറെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, നിര്‍ണായക വിവരങ്ങളുമായി മുണ്ടകൈയില്‍ നിന്ന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മുഹമ്മദ് കുഞ്ഞ്.
ഇപ്പോള്‍ പാറകള്‍ മാത്രം, പത്ത് കടകളുണ്ടായിരുന്നു. ഒരാള്‍ പുഴയില്‍ ഒഴുകുന്നത് കണ്ടു, രക്ഷാസംഘത്തെ വിവരം അറിയിച്ചു. പുഴയില്‍ പാറകളും മരങ്ങളും മാത്രമെന്നും മുഹമ്മദ്കുഞ്ഞ് മനോരമ ന്യൂസിനോട് പറഞ്ഞു.
മുണ്ടക്കൈ ചൂരൽമലയിലാണ് മൂന്നുതവണ ഉരുള്‍പൊട്ടിയത്. വീടുകളും സ്കൂളും തകര്‍ന്നതായി നാട്ടുകാര്‍. ചൂരല്‍മലയില്‍ ഏഴരയോടെ വീണ്ടും ഉരുള്‍പൊട്ടിയെന്ന് സംശയം. രക്ഷാപ്രവര്‍ത്തകരെ ഒഴിപ്പിച്ചു, വെള്ളം കുത്തിയൊഴുകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. വീടുകളിൽ വെള്ളവും ചെളിയും കയറി, നാനൂറിലധികം പേര്‍ ഒറ്റപ്പെട്ടു. ചൂരല്‍മല ടൗണിലെ പാലം തകര്‍ന്നു, ചെളിയും വെള്ളവും 5.45നും ഒലിച്ചുവന്നു. രക്ഷാപ്രവര്‍ത്തകരെ ഉള്‍പ്പെടെ മാറ്റുന്നു. ആദ്യ ഉരുള്‍പൊട്ടല്‍ ഒരുമണിക്ക് മുണ്ടക്കൈ ടൗണില്‍. രണ്ടാമത്തേത് ചൂരല്‍മല സ്കൂളിന് സമീപം നാലുമണിയോടെ. 2019ല്‍ ഉരുള്‍പൊട്ടിയെ പുത്തുമലയ്ക്ക് സമീപമാണ് ചൂരല്‍മല. വയനാട്ടിലേക്ക് ഗതാഗതം തടസപ്പെട്ടു. താമരശേരി ചുരത്തില്‍ നാലാം വളവില്‍ മണ്ണിടിഞ്ഞു, ഗതാഗതം തടസപ്പെട്ടു.
വയനാട്ടില്‍ രണ്ട് യൂണിറ്റ് സൈന്യം എത്തും. രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായ എല്ലാ രീതികളും തേടുമെന്ന് മുഖ്യമന്ത്രി. കൂനൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ 7.30ന് എത്തും, താല്‍ക്കാലിക പാലം നിര്‍മിക്കും. നാലു മന്ത്രിമാര്‍ വയനാട്ടിലേക്ക്, കണ്‍ട്രോള്‍ റൂം നമ്പര്‍: 9656938689, 8086010833
നിരവധി വീടുകള്‍ തകര്‍ന്നതായി ദുരന്തമേഖലയില്‍ അകപ്പെട്ട റഫീഖ് മനോരമ ന്യൂസിനോട് പറഞ്ഞു. ജനം തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം, വീട്ടിലുള്ളവര്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും റഫീഖ് പറയുന്നു. ചൂരല്‍മല ടൗണിലെ ഒരു വീട്ടില്‍ ഭര്‍ത്താവും മകളും അകപ്പെട്ടതായി കരഞ്ഞുപറഞ്ഞ് വീട്ടമ്മ. മൂന്നു കുട്ടികളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് മുണ്ടക്കൈ സ്കൂളിലെ ടീച്ചര്‍.
വയനാട്ടിന് പിന്നാലെ കോഴിക്കോട് വിലങ്ങാടും ഉരുള്‍പൊട്ടി. നാലിടത്താണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടല്‍ മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളില്‍. മഞ്ഞച്ചീളിയില്‍ ഒരാളെ കാണാതായി. വിലങ്ങാട് ടൗണില്‍ വെള്ളം കയറി.
കണ്ണൂര്‍ കോളയാട് ഉള്‍വനത്തിലും ഉരുള്‍പൊട്ടിയെന്ന് സംശയം, താഴെ വെള്ളം കയറി. മലപ്പുറത്തും നാശനഷ്ടം, വളാഞ്ചേരി – കുറ്റിപ്പുറം പാതയിലെ പാണ്ടികശാലയില്‍ മണ്ണിടിഞ്ഞു. മുപ്പിനിയില്‍ പാലം മുങ്ങി, മഞ്ചേരിയിലെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു, അതിരപ്പിള്ളി വിനോദസഞ്ചാരകേന്ദ്രം അടച്ചു. കണ്ണൂര്‍ ഇരിട്ടി – കൂട്ടുപുഴ റോഡില്‍ മണ്ണിടിച്ചില്‍, വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ചാലിയാറില്‍ വെള്ളം ഉയരുന്നു, ഇരുകരകളിലും താമസിക്കുന്നവരെ ഒഴിപ്പിക്കുന്നു.പാലക്കാട് ആലത്തൂരില്‍ ദേശീയപാതയില്‍ വെള്ളക്കെട്ട്, വാഹനങ്ങള്‍ കുടുങ്ങി.