മുണ്ടക്കൈ പുഴയ്ക്ക് കുറുകെ താല്‍ക്കാലിക പാലം നിര്‍മാണവുമായി സൈന്യം. ബെയ്ലി പാലത്തിന്റെ നിര്‍മാണം വിശ്രമില്ലാതെ തുടരുന്നു. പുലര്‍ച്ചയോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷ. പാലം പൂര്‍ത്തിയായാല്‍ മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാകും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
രാജ്യത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ 270 ആയി. ഇരുന്നൂറിലേറെപ്പേരെ കാണാതായി. മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ 34 മൃതദേഹങ്ങളാണ് ഇന്ന് എത്തിച്ചത്. പോത്തുകല്ലില്‍ ചാലിയാറില്‍നിന്ന് 71 മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി, നാളെ രാവിലെ വീണ്ടും തുടങ്ങും. പോത്തുകല്ലില്‍നിന്ന് 31 മൃതദേഹങ്ങള്‍ മേപ്പാടി ഹൈസ്കൂളില്‍ എത്തിച്ചു.
കനത്തമഴയില്‍ മുണ്ടക്കൈ പുഴയില്‍ കുത്തൊഴുക്ക് രൂപപ്പെട്ടതും ജലനിരപ്പുയര്‍ന്നതും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി.
സൈന്യം ഇന്നലെ തയാറാക്കിയ നടപ്പാലം മുങ്ങി. കനത്ത മഴയെത്തുടര്‍ന്ന് നിര്‍ത്തിവച്ച ബെയ്ലി പാലത്തിന്റെ നിര്‍മാണം വീണ്ടും തുടങ്ങി.
മുണ്ടക്കൈയിലും ചൂരല്‍മലയിലും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മൂന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ പുഴയിലൂടെ മുണ്ടക്കൈയില്‍ എത്തിച്ചു. ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് മാറിത്താമസിക്കണമെന്ന് വയനാട് ജില്ലാ കലക്ടർ മുന്നറിയിപ്പ് നല്കി. മുന്‍പ് ഉരുൾപൊട്ടിയ പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.
ദുരിതബാധിതര്‍ക്കായി സാധനങ്ങള്‍ ശേഖരിക്കുന്നത് സംഘടനകള്‍ നിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവയാണ് പല സ്ഥലങ്ങളിലും ശേഖരിക്കുന്നത് . ദുരന്തമേഖലയില്‍ ഇവയെല്ലാം ആവശ്യത്തിനുണ്ട്, ശേഖരിച്ചവ അവിടെ എത്തുമ്പോള്‍ ആവശ്യമില്ലാത്തതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, വയനാട്ടിലെ ദുരന്തമുന്നറിയിപ്പിനെച്ചൊല്ലി കേന്ദ്ര–സംസ്ഥാന തര്‍ക്കം. കേരളത്തിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം മുഖ്യമന്ത്രി തള്ളി. മുന്നറിയിപ്പ് കണക്കിലെടുത്ത് എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ലെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ ചോദിച്ചു. ആരെയെങ്കിലും പഴിച്ച് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയരുതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.
ദുര്‍ഘടമായ രക്ഷാ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മിലെ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. വയനാട്ടില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് ജൂലൈ 23 മുതല്‍ 26 വരെ മുന്നറിയിപ്പ് നല്കി എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് അമിത് ഷാ ചോദിച്ചു.
കാലാവസ്ഥാ മുന്നറിയിപ്പ് മാത്രമാണ് ലഭിച്ചതെന്നും 29 ന് ഉച്ചക്കുപോലും വയനാട്ടില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒാറഞ്ച് അലര്‍ട്ട് മാത്രമാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിയോളജിക്കല്‍ സര്‍വെ വയനാട്ടില്‍ ഗ്രീന്‍ അലര്‍ട്ടാണ് നല്‍കിയത്. കേന്ദ്ര ജലകമ്മിഷന് പ്രളയമുന്നറിയിപ്പ് നല്‍കിയില്ല. ദുരന്തം രാഷ്ട്രീയ വത്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രത്തെ നിശിതമായി വിമര്‍ശിക്കാനും മടിച്ചില്ല.
ഇത് രാഷ്ട്രീയ വിവാദമുണ്ടാക്കേണ്ട സമയമല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കെ.സി. വേണുഗോപാൽ എംപിയുടെ മറുപടി. ജനം പ്രതീക്ഷിക്കുന്നത് യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രവർത്തനം. അമിത് ഷാ രാജ്യസഭയിലും ലോക്സഭയിലും സംസാരിച്ചത് രണ്ട് തരത്തിൽ. കർണാടക എംപി തേജസ്വി സൂര്യ കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ്. മുന്നറിയിപ്പ് നൽകിയോ, നടപടി എടുത്തോ എന്നെല്ലാം പിന്നീട് പരിശോധിക്കാം. രക്ഷാപ്രവർത്തനത്തിന് തടസ്സം ഉണ്ടാക്കാത്ത തരത്തിൽ നാളെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ എത്തുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് കേരളത്തില്‍നിന്നുള്ള എംപിമാര്‍. ദുരന്തങ്ങള്‍ തടയാന്‍ ആധുനിക മുന്നറിയിപ്പ് സംവിധാനങ്ങള്‍ വേണം. രാഷ്ട്രീയത്തിനതീതമായി സഹായം ലഭ്യമാക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. ലോക്സഭയില്‍ കെ.സി.വേണുഗോപാലും രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാനും ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചു. കേരളത്തെ വിമര്‍ശിച്ച് തേജസ്വി സൂര്യ എം.പി നടത്തിയ പരാമര്‍ശങ്ങള്‍ ബഹളത്തിനിടയാക്കി.
മുന്നറിയിപ്പ് ലഭിച്ചിട്ടും ദുരന്തം നേരിടാന്‍ കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ എന്തുചെയ്തുവെന്ന് കെ.സിവേണുഗോപാല്‍ ചോദിച്ചു. രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് ദുരന്തബാധിതര്‍ക്ക് സഹായം ലഭ്യമാക്കണം. രാജ്യത്ത് ആധുനിക കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കണം. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും കെ.സി.
വയനാട് പരിസ്ഥിതിലോല മേഖലയാണെന്നും പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യാമെന്ന് പരിശോധിക്കണമെന്നും രാഹുല്‍ ഗാന്ധി. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യണമെന്ന് എന്‍.കെ.പ്രമേചന്ദ്രന് ആവശ്യപ്പെട്ടു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായം ലഭ്യമാക്കണമെന്ന് കെ.രാധാകൃഷ്ണന്.
അതേസമയം അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാത്തതും ഘനനത്തിന് അനുമതി നല്‍കിയതുമാണ് ദുരന്തത്തിന് കാരണമെന്ന് കര്‍ണാടകയില്‍നിന്നുള്ള ബി.ജെ.പി. എം.പി. തേജസ്വി സൂര്യ ആരോപിച്ചത് ബഹളത്തിനിടയാക്കി. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ കേരളത്തില്‍ 2239 മണ്ണിടിച്ചില്‍ ഉണ്ടായെന്നും സംസ്ഥാനത്തിന് ആവശ്യമായ ധനസഹായം ലഭ്യമാക്കണമെന്നും ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു