മുണ്ടക്കൈ ടോപ്പില്‍ മണ്ണിനടിയില്‍ ജീവന്റെ തുടിപ്പുണ്ടെന്ന് സംശയം. സ്കാനറില്‍ ജീവന്‍റെ തുടിപ്പ് സ്ഥിരീകരിച്ചതായി തിരച്ചില്‍ സംഘം. തകര്‍ന്ന കെട്ടിടത്തിന് സമീപത്തുനിന്നാണ് സിഗ്നല്‍ ലഭിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കെട്ടിടത്തിന്‍റെ സമീപത്തെ മണ്ണ് മാറ്റുന്നു. കോണ്‍ക്രീറ്റ് കട്ടര്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ സ്ഥലത്തെത്തിച്ചു. മെഡിക്കല്‍ സംഘം സ്ഥലത്തെത്തി.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 334 ആയി. ഇന്നു 14 മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. ചൂരല്‍മലയില്‍നിന്ന് ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹം കണ്ടെത്തി. വെള്ളാര്‍മലയിലെ തിരച്ചിലില്‍ ഒരു മൃതദേഹം കണ്ടെടുത്തു. ചാലിയാറില്‍ ഇന്ന് അഞ്ച് മൃതദേഹങ്ങള്‍ ഒഴുകിയെത്തി. 288 പേര്‍ ഇനിയും കാണാമറയത്താണ്. മുണ്ടക്കൈയിലും ചൂരല്‍മലയിലും ആറു മേഖലകളിലായി തിരിച്ചാണ് നാലാംനാള്‍ തിരച്ചില്‍ പുരോഗമിക്കുന്നത്. സൈന്യവും എന്‍.ഡി.ആര്‍.എഫുമടക്കം രണ്ടായിരത്തോളം പേരാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.