വയനാട് മേപ്പാടിയിലെ  ദുരിതാശ്വാസക്യാമ്പുകളിലേക്ക്  സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസ്സുകളും അയച്ചുകൊടുത്ത ടൊവിനോയ്ക്ക് നന്ദി പറഞ്ഞ് എം ബി രാജേഷ്. ടൊവിനോയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

മേപ്പാടിയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസ്സുകളും അയച്ചുകൊടുത്തതിനും, ആ പ്രവർത്തിയിലൂടെ കേരളത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള വലിയ സന്ദേശം കൂടെ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തതിന് പ്രത്യേകം അഭിനന്ദിച്ചു. 

സർക്കാർ കേരളത്തെ മാലിന്യമുക്തമാക്കുന്നതിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു.  ഇക്കാര്യത്തിൽ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധത അദ്ദേഹം അറിയിക്കുകയും ചെയ്തുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.  

ടൊവിനോയെ പ്രശംസിച്ചുകൊണ്ട് രാവിലെയും മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിച്ചുകൊണ്ടിരുന്നത് ഡിസ്പോസിബിൾ പാത്രങ്ങളും ഗ്ലാസുകളുമായിരുന്നു. ഇവ മാലിന്യ നിർമാർജനം കൂടുതല്‍ ദുഷ്കരമാക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയത് ശ്രദ്ധയില്‍പ്പെട്ട ടൊവിനോ ആയിരം സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ക്യാമ്പിൽ എത്തിക്കുമെന്ന് അറിക്കുകയായിരുന്നു.

വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റീൽ പാത്രങ്ങൾ വഴി ഡിസ്പോസിബിൾ പാത്രങ്ങളും ഗ്ലാസുകളും മൂലമുണ്ടാവുന്ന വൻതോതിലുള്ള മാലിന്യം ഒഴിവാക്കാൻ കഴിയുന്നു. ഒരു നല്ല സന്ദേശമാണ് ടൊവിനോ മുന്നോട്ടുവെച്ചതെന്ന് രാവിലത്തെ ഫേസ്ബുക്ക്  പോസ്റ്റില്‍ മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

MB Rajesh Appreciate Tovino Thomas For Contributing Steel Glass And Plates To Rescue Camps In Wayanad