സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കി ബാര്‍കോഴ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. സര്‍ക്കാരിന് കോഴ നല്‍കാനായി പണപ്പിരിവ് നടന്നതിന് തെളിവില്ലെന്നും പണംപിരിച്ചത് കെട്ടിട നിര്‍മാണത്തിനെന്നും റിപ്പോര്‍ട്ട്. ബാര്‍ ഉടമ അനിമോന്റെ ശബ്ദസന്ദേശം ചോര്‍ത്തിയത് ആരാണെന്ന് കണ്ടെത്താന്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചേക്കും.
മദ്യനയത്തില്‍ ഇഷ്ടകാര്യങ്ങള്‍ നടത്തി കിട്ടാന്‍ സര്‍ക്കാരിന് കോഴ, ബാറുടമ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ അവരുടെ വാട്സപ്പ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ പരാതിയില്‍ തുടങ്ങിയ ക്രൈംബ്രാഞ്ച് അന്വേഷണം ഒടുവില്‍ സര്‍ക്കാരിന് ആശ്വാസകരമാവുന്ന രീതിയില്‍ അവസാനിച്ചു.
കോഴ ആരോപണം ഉന്നയിച്ച അനിമോനും ഇടുക്കി ജില്ലയിലെ മറ്റ് ബാറുടമകളും അടക്കം 122 പേരുടെ മൊഴിയെടുത്തു. അവരെല്ലാം കോഴ നല്‍കിയിട്ടില്ലെന്നും പണം പിരിച്ചത് ബാറുടമകളുടെ സംഘടനയ്ക്ക് തിരുവനന്തപുരത്ത് കെട്ടിടം പണിയാനാണെന്നും മൊഴി നല്‍കി. അതിനാല്‍ കോഴപ്പിരിവിന് തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
ആരോപണം ഉന്നയിച്ച അനിമോന്‍ തന്നെ അത് നിഷേധിച്ചെന്നും കെട്ടിടനിര്‍മാണഫണ്ടിലേക്ക് ഉടന്‍ 50 ലക്ഷം നല്‍കണമെന്ന് ആവശ്യപ്പെട്ട ദേഷ്യത്തില്‍ ശബ്ദസന്ദേശം തെറ്റായി അയച്ചതാണെന്ന് സമ്മതിച്ചെന്ന മൊഴിയും അന്വേഷണം അവസാനിപ്പിക്കാനുള്ള പ്രധാന തെളിവായി ചൂണ്ടിക്കാട്ടുന്നു.
ഇനി സര്‍ക്കാരിന് അറിയേണ്ടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ശബ്ദസന്ദേശം പുറത്തുവിട്ടത് ആരാണെന്നാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുനടക്കം പലരെയും സംശയിച്ചിരുന്നെങ്കിലും കാര്യമുണ്ടായില്ല. അതിനാല്‍ ശബ്ദസന്ദേശം ചോര്‍ത്തിയാളെ കണ്ടെത്തണമെങ്കില്‍ സമഗ്രമായ മറ്റൊരു അന്വേഷണമെന്ന നിര്‍ദേശത്തോടെയാണ് അന്വേഷണസംഘം കേസ് ഫയല്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയത്.