വയനാട് ദുരന്തത്തോടെ കൂടുതല്‍ ഭീതിയിലാണ് പത്തനംതിട്ട കലഞ്ഞൂരിലെ രാക്ഷസന്‍ പാറ സംരക്ഷണ സമിതി. മാധവ് ഗാഡ്ഗില്‍ സന്ദര്‍ശിച്ച് പരിസ്ഥിതി ദുര്‍ബലപ്രദേശമെന്ന് പറഞ്ഞ മേഖലയിലാണ് പാറപൊട്ടിക്കാനുള്ള ശ്രമം നടക്കുന്നത്. പാറ സന്ദര്‍ശിക്കാനെത്തിയ പുരോഹിതര്‍ അടക്കമുള്ള സംഘത്തിന് നേരെ കടന്നല്‍കൂട് ഇളക്കി വിട്ട് വരെ അക്രമം നടന്നിട്ടുണ്ട്. 

പത്തനംതിട്ട ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ പാറമടകളുള്ള പ്രദേശങ്ങളാണ് കോന്നിയും, കൂടലും, കലഞ്ഞൂരും. പാറയുമായി പായുന്ന ടിപ്പര്‍ ലോറികളാണ് നിറയെ. വലിയ മലകളിലെ മണ്ണുനീക്കി പാറപൊട്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പലിടത്തും മലഇടിച്ച് താഴ്‌വരയിലേക്ക് തള്ളുകയാണ്. ഇത്രയും ക്വാറികളുടെ ദുരിതത്തിനിടെയാണ് കലഞ്ഞൂരിലെ രാക്ഷസന്‍ പാറയും പൊട്ടിക്കാന്‍ ശ്രമം തുടങ്ങിയത്. നാട്ടുകാരുടെ അഭ്യര്‍ഥന പ്രകാരമാണ് ഗാഡ്ഗില്‍ നേരിട്ടെത്തിയത്.

രാക്ഷസന്‍ പാറ സന്ദര്‍ശിക്കാനെത്തിയ സംഘത്തിന് നേരെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ കടന്നല്‍കൂട് ഇളക്കിവിട്ടത്. രാക്ഷസന്‍ പാറയെ ടൂറിസം കേന്ദ്രമാക്കണം എന്നാണ് ജാഗ്രതാ സമിതിയുടെ ആവശ്യം. ക്വാറി മാഫിയയുടെ ആക്രമണങ്ങളെ ഭയന്നാണ് ജീവിതമെന്നും നാട്ടുകാര്‍ പറയുന്നു.

ENGLISH SUMMARY:

The Rakshasan Para Preservation Committee of Pathanamthitta Kalanjoor is in more fear after the Wayanad tragedy