riyas-soochippara

വയനാട് സൂചിപ്പാറയില്‍ ഇന്നലെ കണ്ടെത്തിയ ശരീരഭാഗങ്ങള്‍ ആശുപത്രിയിലെത്തിക്കാന്‍ പ്രതിസന്ധിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രധാനമന്ത്രിയെത്തുന്നതിനോട് അനുബന്ധിച്ചുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ ശരീര ഭാഗങ്ങള്‍ അഴുകിത്തുടങ്ങിയതും വെല്ലുവിളിയാണെന്ന് മന്ത്രി പറയുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ജനങ്ങളും സര്‍ക്കാരും പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിജീവനത്തിന് പൊരുതുന്ന ജനതയാണ് വയനാട്ടിലേത്, അതിന് കരുത്തേകുന്ന നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

അതേസമയം, വയനാട്ടിലെ ചൂരല്‍മലയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അല്‍പ്പസമയത്തിനുള്ളിലെത്തും. രാവിലെ 11.30 തോടെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ  ഗവർണറും മുഖ്യമന്ത്രിയും സ്വീകരിക്കും. 11.55 ന് കൽപറ്റ സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങി, റോഡ് മാർഗം ചൂരൽ മലയിലെത്തും. ബെയ്‌ലി പാലത്തിനു സമീപം ദൗത്യത്തിനുണ്ടായിരുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കും.   മേപ്പാടി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന  അരുണ്‍, നട്ടെല്ലിന് പരുക്കേറ്റ അനില്‍, എട്ടുവയസുകാരി അവന്തിക, ഒഡീഷക്കാരി സുഹൃതി എന്നിവരെ പ്രധാനമന്ത്രി കാണും. മേപ്പാടി സെന്റ് ജോസഫ് സ്കൂളിലെ ക്യാംപിലുള്ളവരെയും അദ്ദേഹം സന്ദർശിക്കും. കലക്ടറേറ്റിലെ യോഗത്തിന് ശേഷമായിരിക്കും മടക്കം. 

തീവ്രദുരന്തമായി കണ്ട് L3 വിഭാഗത്തിൽ ഉൾപ്പെടുത്തി വയനാടിന് ധനസഹായം അനുവദിക്കണമെന്ന ആവശ്യം കേരളം മുന്നോട്ട് വയ്ക്കും. വൈകിട്ട് മൂന്നിന് കണ്ണൂർ വഴിയാണ് പ്രധാനമന്ത്രിയുടെ മടക്കം. അതിനിടെ സൂചിപ്പാറയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിച്ചു. സൈന്യത്തിന്‍റെ സഹായത്തോടെയായിരുന്നു എയര്‍ലിഫ്റ്റിങ്.

ENGLISH SUMMARY:

Minister Mohammed Riyas said that there is a crisis in transporting the body parts discovered yesterday from Suchipara, Wayanad, to the hospital