• ജലസേചനവകുപ്പിന്‍റെ 63 ലക്ഷം രൂപയുടെ പദ്ധതി കടലാസില്‍
  • ജോയിയുടെ അമ്മയ്ക്ക് ഒരു സഹായവും നല്‍കാതെ റെയില്‍വേ
  • വീട് നിര്‍മാണവും എങ്ങുമെത്തിയില്ല

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് ശുചീകരണ തൊഴിലാളി ജോയി മരിച്ചിട്ട് ഇന്ന് ഒരു മാസമാകുമ്പോളും റെയില്‍വേ കനാലിലെ മാലിന്യം നീക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ സര്‍ക്കാര്‍ വകുപ്പുകള്‍. മുഖ്യമന്ത്രിയുടെ യോഗ തീരുമാനപ്രകാരം മാലിന്യം നീക്കാന്‍ 63 ലക്ഷം രൂപയുടെ പദ്ധതി ജലസേചന വകുപ്പ് തയാറാക്കിയെങ്കിലും സഹകരിക്കാന്‍ റെയില്‍വേ തയാറായില്ല. ഇതോടെ  റെയില്‍വേ കനാലില്‍ മാലിന്യം അതേപടി കിടക്കുകയാണ്.

റെയില്‍വേ ഭൂമിയായതിനാല്‍ അവരാണ് മാലിന്യം മാറ്റേണ്ടതെന്ന് കോര്‍പ്പറേഷന്‍.ഞങ്ങളുടെ പണിയല്ലെന്ന് റെയില്‍വേ. ജോയി ഇല്ലാതായിട്ടും ഈ തര്‍ക്കം തുടര്‍ന്നപ്പോള്‍ ജലസേചന വകുപ്പും റെയില്‍വേയും  സഹകരിച്ച് മാലിന്യംനീക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.  120 മീറ്റററിലെ മാലിന്യം നീക്കാന്‍ 63 ലക്ഷംരൂപയുടെ പദ്ധതി ജലസേചനവകുപ്പ് തയാറാക്കി റെയില്‍വേക്ക് കൈമാറി. പിന്നീട് റെയില്‍വേ ആ വഴിക്ക് വന്നില്ല. ഇത്രയും തുക ഒറ്റക്ക് ചെലവാക്കാനുള്ള മടികൊണ്ട് ജലസേചനവകുപ്പും പദ്ധതി കീശയിലിട്ട് മിണ്ടാതിരിക്കുകയാണ്.

ഒരു ജീവന്‍ നഷ്ടമാകേണ്ടി വന്നു, റെയില്‍വേ ഭൂമിക്ക് പുറത്തെ മാലിന്യം നീക്കാനുള്ള മഹാമനസ് നമ്മുടെ കോര്‍പ്പറേഷന്‍ അധികാരികള്‍ക്കുണ്ടാവാന്‍. എന്നിട്ടും റെയില്‍വേ ഭൂമിയിലെ തര്‍ക്കം പരിഹരിക്കാനുള്ള സന്‍മനസ് ആരും കാണിക്കുന്നില്ല. 

ENGLISH SUMMARY:

Indian railway refuses to cooperate in clearing the garbage from Amayizhanchan Canal Trivandrum.