മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കൊച്ചിയിലെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്. രാവിലെ വാതിൽ പൊളിച്ച് വീട്ടിൽ കയറിയ ഉദ്യോഗസ്ഥ സംഘം ആറ് മണിക്കൂറിലേറെ നീണ്ട പരിശോധനക്ക് ശേഷം ലാപ്ടോപും പെൻഡ്രൈവുകളും പിടിച്ചെടുത്ത് മടങ്ങി. ഭീമ കോറേഗാവ് കേസിന് തെക്കൻ പതിപ്പ് തയ്യാറാക്കാനാണ് എൻ.ഐ.എ ശ്രമമെന്ന് മുരളി കണ്ണമ്പിള്ളി പ്രതികരിച്ചു
പുലർച്ചെ ആറേകാലിനാണ് ഹൈദരാബാദിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥഖരുടെ സംഘം മുരളി കണ്ണമ്പിള്ളി താമസിക്കുന്ന കൊച്ചി തേവക്കലിലെ വീട്ടിലെത്തിയത്. അഭിഭാഷകൻ എത്തിയ ശേഷം വാതിൽ തുറക്കാമെന്ന മുരളി കണ്ണമ്പിള്ളിയുടെ നിലപാട് അംഗീകരിക്കാത്ത ഉദ്യോഗസ്ഥർ വാതിൽ പൊളിച്ചാണ് അകത്തുകയറിയത്
മാവോയിസ്റ്റ് നേതാവായ സഞ്ജയ് ദീപക് റാവു ഉൾപ്പെട്ട റിക്രൂട്ട്മെറ്റ് കേസിൽ മുരളി കണ്ണമ്പിള്ളി ഉൾപെടെയുള്ളവരെയും പ്രതി ചേർത്തിരുന്നു. കഴിഞ്ഞ മാസം എൻഐഎ മുരളി കണ്ണമ്പിള്ളിയെ കളമശ്ശേരി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പരിശോധന. പരിശോധനയിൽ ലാപ്ടോപും പെൻഡ്രൈവുകളും പിടിച്ചെടുത്തു. ജനാധിപത്യ ധ്വംസനമാണ് നടന്നതെന്ന് കുറ്റപ്പെടുത്തിയ മുരളി കണ്ണമ്പിള്ളി രേഖകൾ പരിശോധിച്ച ശേഷം വീണ്ടും വിളിപ്പിക്കുമെന്നാണ് എൻഐഎ അറിയിച്ചതെന്ന് പ്രതികരിച്ചു
1976 ലെ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതിയാണ് മാവോയിസ്റ്റ് സൈദ്ധാന്തികനായി അറിയപ്പെടുന്ന മുരളി കണ്ണമ്പിള്ളി' നാല് പതിറ്റാണ്ടിലേറെ ഒളിവിലായിരുന്ന മുരളി കണ്ണമ്പിള്ളിയെ 2015 ൽ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. യേർവാഡ ജയിലിലായിരുന്ന അദ്ദേഹം 2019ലാണ് ജയിൽ മോചിതനായത്.