എ.ഐ ക്യാമറയുടെ കണ്ണില്‍പെട്ടിട്ടും പിഴ കൊടുക്കാതെ രക്ഷപെട്ടത് 40 ലക്ഷത്തോളം നിയമലംഘകര്‍. ക്യാമറ സ്ഥാപിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും മോട്ടോര്‍ വാഹനവകുപ്പും കെല്‍ട്രോണും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാത്തതാണ് ഇവര്‍ക്ക് തുണയായത്. അതുകൊണ്ട് ക്യാമറയില്‍ കുടുങ്ങിയ 64 ലക്ഷത്തോളം നിയമലംഘനങ്ങളില്‍ 40 ലക്ഷത്തോളം പേര്‍ക്ക് കെല്‍ട്രോണ്‍ പിഴ നോട്ടീസ് അയച്ചില്ല. ഇതോടെ ഇരുന്നൂറ് കോടിയോളം രൂപയാണ് പിഴ വരുമാനത്തില്‍ സര്‍ക്കാരിന് നഷ്ടം.
റോഡില്‍ നമ്മളെ നോക്കിയിരിക്കുന്ന എ.ഐ ക്യാമറകളെ കാണാനും പേടിക്കാനും തുടങ്ങിയിട്ട് ഒരു വര്‍ഷവും രണ്ട് മാസവും കഴിഞ്ഞു. ഗതാഗത നിയമലംഘനങ്ങള്‍ തടയാനുള്ള നിര്‍ണായക നീക്കമെന്നായിരുന്നു 230 കോടി മുടക്കി സ്ഥാപിച്ച കാമറകളെ സര്‍ക്കാര്‍ അന്ന് വിശേഷിപ്പിച്ചത്.
എന്നിട്ട് എന്തായി?
എന്നിട്ട് എന്തായെന്ന് ചോദിച്ചാല്‍ ഒറ്റ വര്‍ഷംകൊണ്ട് 64,20,000 നിയമലംഘനങ്ങളാണ് ക്യാമറ കണ്ടെത്തിയത്. അവരെല്ലാം പെട്ടുപോയെന്ന് കരുതണ്ട, അവസാനമാസങ്ങളില്‍ ക്യാമറയില്‍ പെട്ട 40 ലക്ഷത്തോളം പേര്‍ രക്ഷപെട്ടു. കാരണം അവരില്‍ നിന്ന് പിഴയീടാക്കാന്‍ ഇതുവരെ നോട്ടീസ് അയച്ചിട്ടില്ല.
കാരണം എന്താണ്?
ക്യാമറയുടെ കണ്‍ട്രോള്‍ റൂമിന്റെ മേല്‍നോട്ടവും പിഴ നോട്ടീസ് അയക്കുന്നതുമെല്ലാം കെല്‍ട്രോണാണ്. അവരോട് ഒരു വര്‍ഷം 25 ലക്ഷം പിഴ നോട്ടീസ് അയക്കാനായിരുന്നു പറഞ്ഞത്. ആ പരിധി കഴിഞ്ഞപ്പോള്‍ അവര്‍ നിര്‍ത്തി. കാരണം, എ.ഐ ക്യാമറയുടെ ഇടപാടുകള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പും കെല്‍ട്രോണും തമ്മിലുണ്ടാക്കുമെന്ന് ഒരു വര്‍ഷം മുന്‍പ് മന്ത്രിമാര്‍ പറഞ്ഞ കരാര്‍ ഇതുവരെ ഉണ്ടാക്കിയിട്ടില്ല.
നഷ്ടം എത്ര?
ഒരു പിഴയ്ക്ക് ശരാശരി 500 രൂപ സര്‍ക്കാരിന് വരുമാനം കിട്ടേണ്ടതാണ്. അങ്ങനെ 40 ലക്ഷം നിയമലംഘനങ്ങളുടെ പിഴ ഒഴിവാക്കിയപ്പോള്‍ സര്‍ക്കാരിന് നഷ്ടം ഇരുന്നൂറ് കോടി രൂപയാണ്.
ഉത്തരവാദി ആരാണ്?
ക്യാമറ സ്ഥാപിച്ചപ്പോള്‍ ആന്റണി രാജുവായിരുന്നു ഗതാഗതമന്ത്രി. ഇപ്പോള്‍ കെ.ബി.ഗണേഷ്കുമാറും. മന്ത്രിമാറിയതോടെ വകുപ്പിന് എ.ഐ ക്യാമറയോട് താല്‍പര്യം കുറഞ്ഞു.