ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ അമ്മയ്ക്ക് വീട് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഇറങ്ങും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അഞ്ച് സെന്റ് സ്ഥലം കണ്ടെത്തി. റെയില്‍േവ കനാലിലെ മാലിന്യനീക്കത്തിലും തീരുമാനം ഉടനെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടികള്‍ വേഗത്തിലായത്.
ജോയിയുടെ കണ്ണീരോര്‍മക്ക് ഒരു മാസം തികഞ്ഞ ഇന്നലെ അമ്മ പങ്കുവച്ച ഒരേയൊരു ആഗ്രഹം വീടെന്ന സ്വപ്നം മാത്രമായിരുന്നു. ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ് മേയറുടെ ഉറപ്പ്. ജോയിയുടെ നാട്ടില്‍ തന്നെ 5 സെന്റ് സ്ഥലം ജില്ലാ പഞ്ചായത്ത് വാങ്ങും. അവിടെ കോര്‍പ്പറേഷന്‍ വീട് വച്ച് നല്‍കും. അതിനുള്ള അനുമതി ഇന്നോ നാളെയോ തദേശവകുപ്പ് ഇറക്കും.
ജോയിയുടെ ജീവന്‍ പൊലിഞ്ഞിട്ടും ശാപമോക്ഷമാകാത്തത് ആമയിഴഞ്ചാന്‍ തോട്ടിലെ റയില്‍വേ കനാലിലെ മാലിന്യത്തിനാണ്. തര്‍ക്കം അവസാനിപ്പിച്ച് ജലസേചനവകുപ്പും റയില്‍വേയും ചേര്‍ന്ന് മാലിന്യംനീക്കണമെന്നാണ് കോര്‍പ്പറേഷന്റെ ആവശ്യം.