Sudhakaran15

TOPICS COVERED

വ്യാജ കാഫിർ പരാമർശത്തിൽ സി.പി.എം നേതൃത്വത്തെ ഉന്നമിട്ട് കോൺഗ്രസ്. നേതാക്കൾ അറിയാതെ കാഫിർ പരാമർശം വരില്ലെന്ന് പറഞ്ഞ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ, പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. പ്രചാരണം ഇടതുപക്ഷ രീതിയല്ലെന്ന് പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സി.പി.എം നേതൃത്വത്തെ പരോക്ഷമായി കുത്തി.  

 

വടകരയിൽ മുളച്ച് ലോക്സഭാ തിരഞ്ഞെടുപ്പിലുടനീളം കത്തിനിന്ന കാഫിർ പരാമർശം വ്യാജമാണെന്ന പൊലീസ് റിപ്പോർട്ട് സി.പി.എമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ വിഷയം ചൂടുപ്പിടിപ്പിക്കുകയാണ് കോൺഗ്രസ്. അന്വേഷണം ഇടത് സൈബർ ഇടങ്ങളിൽ ഒതുങ്ങരുതെന്ന് ആവശ്യപ്പെടുന്ന കെ.പി.സി.സി നേതൃത്വം മുതിർന്ന നേതാക്കൾ അറിഞ്ഞുള്ള പ്രചാരണമാണ് നടന്നതെന്നാണ് ആരോപിക്കുന്നത്. 

കെ.കെ.ശൈലജയുടെ വാക്കുകൾ കൂട്ടുപിടിച്ച് സി.പി.ഐ നേതൃത്വം പരോക്ഷ വിമർശനം ഉയർത്തിയതും സി.പി.എമ്മിന് തിരിച്ചടിയായി. സി.പി.എം നേതൃത്വം മൗനം പാലിക്കുമ്പോഴാണ് സി.പി.ഐയുടെ കൊട്ട്. 

സി.പി.എം പച്ചയായ വർഗീയ പ്രചരിപ്പിച്ചതിന്റെ തെളിവാണ് കാഫിർ പ്രയോഗമെന്ന രൂക്ഷവിമർശനമാണ് ബി.ജെ.പിക്കുള്ളത്.