സംസ്ഥാനത്തും സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഉരുള്‍ പൊട്ടല്‍ ,ദുരന്തം വിതച്ച വയനാട്ടില്‍ പരേഡും മറ്റു ആഘോഷങ്ങളും ഒഴിവാക്കിയിരുന്നു ചടങ്ങ്.
തലസ്ഥാനത്ത് രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ നേതൃത്വത്തിലായിരുന്നു നിയമസഭയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. കെ.സുധാകരന്റെയും എം.എം.ഹസന്റെയും നേതൃത്വത്തിലായിരുന്നു കെ.പി.സി.സി ആസ്ഥാനത്തെ സ്വാതന്ത്രദിനാഘോഷം. എ.കെ.ജി സെന്ററില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വവും പതാക ഉയര്‍ത്തി. തിരംഗയാത്ര നടത്തിയാണ് ബി.ജെ.പി സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. കിഴക്കേക്കോട്ട ഗാന്ധിപാര്‍ക്കില്‍ നിന്ന് തുടങ്ങിയ യാത്ര ബി.ജെ.പി സംസ്ഥാന ഓഫിസായ മാരാര്‍ജി ഭവനില്‍ സമാപിച്ചു. തിരുവനന്തപുരം റയില്‍വേ ഡിവിഷണല്‍ ഓഫീസില്‍ ഡിവിഷണല്‍ റയില്‍വേ മാനേജര്‍ മനീഷ് തപ്ളിയാല്‍ പതാക ഉയര്‍ത്തി. പൊലീസ് ആസ്ഥാനത്തെ ആഘോഷത്തില്‍ എ.ഡി.ജി.പി/എസ്. ശ്രീജിത്ത് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. കൊല്ലം ആശ്രാമം മൈതാനത്ത് മന്ത്രി വി.ശിവന്‍കുട്ടിയും പത്തനംതിട്ട കാതോലിക്കേറ്റ് ഗ്രൗണ്ടിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജും ദേശീയപതാക ഉയര്‍ത്തി. ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാനാണ് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചത്. എറണാകുളം ജില്ല കലക്ട്രേറ്റ് പരേഡ് ഗ്രൗണ്ടിൽ മന്ത്രി പി.രാജീവ് പതാക ഉയർത്തി. കൊച്ചിയിലെ ദക്ഷിണ മേഖല നാവികസേന ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിൽ സതേൺ നേവൽ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ വി.എസ്.ശ്രീനിവാസ് സല്യൂട്ട് സ്വീകരിച്ചു
ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിൻ, തൃശൂരില്‍ മന്ത്രി ആര്‍ .ബിന്ദു, പാലക്കാട്ട് മന്ത്രി എം.ബി.രാജേഷ് എന്നിവര്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. കോഴിക്കോട് വിക്രം മൈതാനിയില്‍ മന്ത്രി എ.കെ.ശശീന്ദ്രൻ പതാക ഉയര്‍ത്തി. മലപ്പുറത്ത് മന്ത്രി കെ.രാജനും, കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കാസര്‍കോട്ട് മന്ത്രി കെ. കൃഷ്ണൻ കുട്ടിയും അഭിവാദ്യം സ്വീകരിച്ചു. ദുരന്തം വിതച്ച വയനാട്ടില്‍ മന്ത്രി ഒ.ആർ.കേളു പതാക ഉയർത്തി. മുണ്ടകൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരേഡും മറ്റു ആഘോഷങ്ങളും ഒഴിവാക്കിയിരുന്നു ചടങ്ങ്