രാജ്യം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ മുഴുകുമ്പോൾ അതിജീവനത്തിന്റെ ത്രിവർണ പതാക ഉയർത്തി ചൂരൽമലയിലെ ജനങ്ങൾ. വെള്ളാർമല സ്കൂളിന് സമീപം ഇന്ന് നടത്തിയ തിരച്ചിലിൽ അഗ്നിരക്ഷാസേന നാലുലക്ഷം രൂപ കണ്ടെത്തി. ദുരന്തഭൂമിയിൽ ഭൗമശാസ്ത്ര സംഘത്തിന്റെ പരിശോധന തുടരുന്നു.
ദുരന്തമുഖത്തിന് മറുപുറം ചൂരൽ മലയുടെ ഭൂമിയിൽ ഇന്ന് സ്വതന്ത്രദിന പതാക ഉയർന്നു. രാവിലെ ഏഴുമണിയോടെ എൻ ഡി ആർ എഫും, പൊലീസും അഗ്നി രക്ഷ സേനയും ചേർന്നു തിരച്ചിൽ ആരംഭിച്ചു. നഷ്ടപ്പെട്ട രേഖകളും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തുന്നതിനായാണ് പ്രധാനമായും ഇന്നത്തെ തിരച്ചിൽ. ക്യാമ്പുകളിൽ കഴിയുന്നവർ ചൂരൽമലയിലെത്തി സേന വിഭാഗങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തി. അതിനിടെയാണ് വെള്ളാർമല സ്കൂളിന് പിന്നിൽ നിന്നു അഗ്നിരക്ഷാസേന് നാലു ലക്ഷം രൂപ കണ്ടെത്തിയത്.
അതേസമയം ചാലിറയാറിൽ ഇന്ന് തിരച്ചിൽ നടന്നില്ല. നാളെ ചാലിയാർലെ മൺതിട്ടകൾ കേന്ദ്രീകരിച്ച് വിശദമായ തിരച്ചിൽ നടത്തുമെന്നു മന്ത്രി കെ രാജൻ പറഞ്ഞു. 231മൃതദേഹങ്ങളും 210 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. ദുരന്തഭൂമിയിൽ ഡോ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നും പരിശോധന തുടരുകയാണ്.