ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന വയനാട്ടുകാര്‍ക്ക് കരുതലുമായി 100ലധികം ഭാഷകളില്‍ പാട്ടുപാടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിട്ട സുചേതയും. കോഴിക്കോട് ‍ടൗണ്‍ഹാളില്‍ സംഗീതനിശ സംഘടിപ്പിച്ചായിരുന്നു സുചേതയുടെ ഫണ്ട് ശേഖരണം. ചടങ്ങില്‍  സേലം ആസ്ഥാനമായുള്ള വിനായക മിഷന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഉരുളെടുത്ത ജീവിതങ്ങള്‍ക്ക് തന്നാല്‍ കഴിയുന്നപോലെ ഒരു കൈത്താങ്ങ്. അത്രയേ സുചേത ഉദ്ദേശിച്ചിരുന്നുള്ളു. ഒാഗസ്റ്റ് രണ്ടിന് ഒരു സംഗീതപരിപാടി കോഴിക്കോട് നിശ്ചയിച്ചിരുന്നെങ്കിലും  വയനാട് ദുരന്തത്തെത്തുടര്‍ന്ന് മാറ്റിവച്ചു. വീണ്ടും നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ് അത് വയനാട്ടുകാര്‍ക്ക് മാത്രമായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.  

സംഗീതം ആസ്വദിക്കാനെത്തിയ നിരവധിപേര്‍ ക്യൂ ആര്‍ കോഡ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം നല്‍കി. ഇതിന് പിന്നാലെയാണ് സേലത്തെ വിനായക മിഷന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ 30 ലക്ഷം രൂപ കോഴിക്കോട് കലക്ടര്‍ക്ക് കൈമാറിയത്.  മൂന്ന് വയസുമുതല്‍ പാട്ട് പഠിക്കുന്ന സുചേത  രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ്.  ആദ്യ റെക്കോര്‍ഡ് 120 ഭാഷകളില്‍ പാട്ടുപാടിയാണ്. രണ്ടാമത്തേത് ഒന്‍പത് മണിക്കൂറില്‍ 140 ഭാഷകളില്‍ പാടിയും. 

Wayanad Fund raising by organizing music night: