വട്ടിപ്പലിശക്കാരുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മരിച്ചു. പാലക്കാട് കുഴൽമന്ദം നടുത്തറ വീട്ടിൽ കെ.മനോജാണ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ മരിച്ചത്. ഈമാസം ഒൻപതിന് കുളവൻമുക്കിലെ സാമ്പത്തിക ഇടപാടുകാർ മനോജിന് നൽകിയ പണം തിരിച്ച് കിട്ടാന്‍ വൈകുന്നതിനെച്ചൊല്ലി ആക്രമിച്ചുവെന്നാണ് ബന്ധുക്കൾ പൊലീസിന് നല്‍കിയ മൊഴിയിലുള്ളത്.
ആക്രമണമുണ്ടായ ദിവസം വൈകീട്ട് അവശനിലയിൽ സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലേക്ക് മനോജ് എത്തുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിന് പിന്നാലെയാണ് മനോജിനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. മരണകാരണമാവുന്ന നിരവധി പരുക്കുകള്‍ മനോജിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പരിചരിച്ച ഡോക്ടര്‍മാരും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ പുതുനഗരം, കുഴൽമന്ദം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആക്രമിച്ചവരെക്കുറിച്ചും കാരണം സംബന്ധിച്ചും വിശദമായ അന്വേഷണം തുടങ്ങി.