Photo Credit; പ്രതീകാത്മക ചിത്രം (Photo - Shutterstock/HTWE)

Photo Credit; പ്രതീകാത്മക ചിത്രം (Photo - Shutterstock/HTWE)

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കാസ്റ്റിങ് കൗച്ചിനെപ്പറ്റി മാത്രമല്ല ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്, നടിമാർ നേരിടുന്ന വൃത്തികെട്ട സൈബർ ആക്രമണത്തെക്കുറിച്ചും പറയുന്നുണ്ട്. ഫെയ്സ്ബുക്കും വാട്ട്സാപ്പും ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ ദൃശ്യങ്ങളും, പുരുഷ ലൈംഗികാവയവത്തിവന്റെ ചിത്രവും മറ്റ്  നഗ്‌ന ചിത്രങ്ങളും കമന്റിട്ട് പരസ്യമായി അപമാനിക്കുന്ന അവസ്ഥയാണുള്ളതെന്ന് നടിമാർ ഹേമ കമ്മിഷനോട് വെളിപ്പെടുത്തി.

‘‘സ്ത്രീകളും പുരുഷൻമാരും ഹേമ കമ്മിറ്റി മുൻപാകെ ഒരുപോലെ വെളിപ്പെടുത്തിയ ഒരു കാര്യമുണ്ട്, ഓൺലൈൻ ലോകത്ത് അവർ കടുത്ത  ആക്രമണത്തിന് വിധേയരാകുന്നു എന്നതാണത്.  അശ്ലീലച്ചുവയുള്ള കമന്റുകളും, മോശം ചിത്രങ്ങളും, വിഡിയോകളും ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് താഴെ ഒരു നിയന്ത്രണവുമില്ലാതെ പോസ്റ്റ് ചെയ്യുകയാണ്.  നടിമാരുടെ എഫ്ബി പേജുകളിൽ പുരുഷ ലൈംഗികാവയത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ പോസ്റ്റ് ചെയ്യുന്നതും പതിവാണ്.

ഇതുപോലെയുള്ള സൈബർ ആക്രമണം സിനിമാ ലോകത്തുനിന്നല്ല, ഇതിന് പിന്നിൽ പൊതുജനങ്ങളാണ്. സിനിമാ മേഖലയിലുള്ളവർക്കു നേരെ മാത്രമല്ല ഇത്തരം ആക്രമണങ്ങൾ നടക്കുന്നത്, പുറത്തുള്ള സ്ത്രീകൾക്കു നേരെയും നടക്കുന്നുണ്ട്. നടിമാരെ പീഡനത്തിന് ഇരയാക്കുമെന്ന ഭീഷണികളും കമന്റുകളായി പലരും ഇടാറുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്താനും  ഇച്ഛാശക്തി തകർക്കാനും അപമാനിക്കാനും ആസൂത്രിത ശ്രമങ്ങളാണ് സൈബറിടത്ത് അരങ്ങേറുന്നത് ‘‘ –  ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

അഭിനയിക്കാനെത്തുന്ന സ്തീകള്‍ വഴങ്ങിക്കൊടുക്കാനും മടിയില്ലാത്തവരെന്ന് ചിന്തിക്കുന്ന ഒട്ടേറെപേര്‍ ചലച്ചിത്രരംഗത്തുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുമ്പാകെ മൊഴി. ചലച്ചിത്രമേഖലയിലേക്കെത്തുന്ന സ്ത്രീകള്‍ പണം മാത്രം മോഹിച്ചാണ് എത്തുന്നതെന്ന ധാരണ പൊതുവേയുണ്ട്. അത്തരം സ്ത്രീകള്‍ എന്തിനും വഴങ്ങുമെന്നാണ് ധാരണ.  ചിലര്‍ ചിന്തിക്കുന്നത് അഭിനിയിക്കാനെത്തുന്ന സ്ത്രീകള്‍ ഒപ്പം കിടക്കാനും ബുദ്ധിമുട്ടുള്ളവരല്ല എന്നാണ്. പുതുമുഖങ്ങളായെത്തുന്ന ചിലരുടെ ധാരണ തന്നെ വഴങ്ങിക്കൊടുക്കേണ്ടിവരുമെന്നാണ്. യാഥാര്‍ഥ്യം തിരിച്ചറിയുമ്പോഴേക്കും അവര്‍ കെണിയിലാക്കപ്പെട്ടിരിക്കും.

ഇത്തരത്തില്‍  കഠിനമായ സാഹചര്യങ്ങള്‍ തരണം ചെയ്താണ് പലരും  ചലച്ചിത്രമേഖലയില്‍ സ്ഥാനമുറപ്പിച്ചത്. വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ലിയു സി സി ) രൂപീകരിക്കപ്പെട്ടതിന് ശേഷം മാത്രമാണ് പലരും നേരിട്ട കാര്യങ്ങള്‍ പുറത്തുപറയാന്‍ തയ്യാറായത്. ഡബ്ലിയു സിസി  ആരംഭിച്ച വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ  ഒട്ടേറെപേര്‍ അവര്‍ നേരിട്ട  മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞു. സ്വന്തം കുടുംബാംഗങ്ങളോടു പോലും പറയാന്‍ കഴിതയാത്തകാര്യങ്ങള്‍ പലതും പുറത്തുവന്നത് അങ്ങിനെയാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു 

പരസ്പര സഹകരണത്തോടെയുള്ള ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ അവസരം കിട്ടാന്‍ വഴങ്ങിക്കൊടുക്കുന്നവരാണ് നടിമാര്‍ എന്ന ധാരണ ശരിയല്ല. അവസരത്തിനായി സ്വന്തം ഇഷ്ടപ്രകാരം വഴങ്ങിക്കൊടുത്തവരുമുണ്ട്. ചിലരുടെ അമ്മമാര്‍ അത് സൗകര്യപൂര്‍വം കണ്ടില്ലെന്ന് നടിച്ചിട്ടുമുണ്ടെന്ന് കമ്മിഷന്‍ മുമ്പാകെ ഒരു സാക്ഷി മൊഴിനല്‍കി. സ്വന്തം തൊഴില്‍ ഉറപ്പിക്കാന്‍ ഇത്തരത്തില്‍ വഴങ്ങിക്കൊടുക്കുന്ന പ്രവണത സിനിമയില്ലാതെ മറ്റൊരു മേഖലയിലുമില്ലെന്നും ഡബ്ലിയു സിസി കമ്മിഷന്‍ മുമ്പാകെ അറിയിച്ചു. 

അടുത്തിടപഴകി അഭിനയിക്കുന്ന സ്ത്രി എന്തിനും വഴങ്ങുമെന്ന് ചിന്തിക്കരുന്നവരാണ് ചലച്ചിത്രരംഗത്തുള്ള ഭൂരിപക്ഷം ആണുങ്ങള്‍. ഷൂട്ടിങ് സെറ്റില്‍ മാത്രമല്ല പുറത്തും ഇത് നടക്കുമെന്ന് അവര്‍ ധരിക്കുന്നു. ഒരുനാണവുമില്ലാതെ  സഹപ്രവര്‍ത്തകരെ  അവര്‍ കിടപ്പറയിലേക്ക് വിളിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന് വഴങ്ങാത്തവര്‍ക്ക്  അവസങ്ങള്‍ വച്ചു നീട്ടി പ്രലോഭിപ്പിക്കാനും ശ്രമിക്കുന്നവരുണ്ട് .ചലച്ചിത്രരംഗത്തു തന്നെയുള്ള ചിലര്‍ നവാഗതരെ  വഴങ്ങാന്‍ നിര്‍ബന്ധിക്കുന്ന അനുഭവവും ഉണ്ടായതായി കമ്മിറ്റിമുമ്പാകെ ഒരു സാക്ഷി മൊഴി നല്‍കി.  നിര്‍ബന്ധത്തിന് വഴങ്ങാനാകാത്തതിനാല്‍ അഭിനയമെന്ന സ്വപ്നം എന്നേന്നേക്കുമായി ഉപേക്ഷിച്ചെന്നും കമ്മിറ്റി മുമ്പാകെ ഒരുകൂട്ടം സ്ത്രീകള്‍ മൊഴികൊടുത്തു. ചലച്ചിത്രരംഗത്തേക്ക് വരുന്നവര്‍ ലൈംഗികമായി വഴങ്ങിക്കൊടുക്കണമെന്ന സാഹചര്യം വ്യക്തമാക്കുന്ന തെളിവുകളും രേഖകളും ഡബ്ലിയു സിസി നല്‍കിയിട്ടുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കി. 

ENGLISH SUMMARY:

Hema committee report; picture of the genitals will be posted on the FB page of the actresses