അവസരങ്ങള്‍ക്കായി കിടപ്പറ പങ്കിടേണ്ടിവന്ന ഒട്ടേറെ സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാസ്റ്റിങ് കൗച്ച് മലയാള ചലച്ചിത്രമേഖലയിലുമുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് . നവാഗതര്‍ മുതല്‍ പ്രമുഖനടിമാര്‍ വരെ അവര്‍ നേരിടേണ്ടിവന്ന പ്രതിസന്ധികള്‍ കമ്മിറ്റിമുമ്പാകെ വെളിപ്പെടുത്തി. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യവും സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യം പോലുമുണ്ടായെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടിയുടെ മൊഴി. തലേ ദിവസത്തെ മോശം അനുഭവത്ത തുടര്‍ന്ന് മാനസികമായി തകര്‍ന്നതിനാല്‍ ഒരു ഷോട്ടിന് 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നു. ആ സാഹചര്യത്തില്‍ സംവിധായകന്‍ വളരെയധികം വിമര്‍ശിച്ചെന്നും നടി മൊഴി നല്‍കി. ചൂഷണത്തെ എതിർത്താല്‍ പിന്നെ ആ നടിയെ വിളിക്കാത്ത സാഹചര്യമാണുളളത്. അതിനാൽ കലയോട് ആഭിമുഖ്യമുള്ളവരാണെങ്കിൽപോലും ചൂഷണം നിശബ്ദമായി സഹിക്കുകയാണെന്നും താരങ്ങള്‍ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കി.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് യാതൊരു വിധ പരിഗണനയും ലഭിക്കുന്നില്ല എന്നുകൂടി വ്യക്തമാക്കുകയാണ് റിപ്പോര്‍ട്ട്. രാത്രി കാലങ്ങളില്‍ മുറിയിലേക്ക് ആരെങ്കിലും കടന്നുവന്നാലോ എന്ന ഭയത്തോടെയാണ് കഴിച്ചുകൂട്ടുന്നത് എന്നും പലരും മൊഴി നല്‍കിയിട്ടുണ്ട്. കിടക്ക പങ്കിടാന്‍ തയ്യാറാകാത്തവരെ ഭീഷണിയിലൂടെയും മറ്റും കീഴ്പ്പെടുത്താനുളള പ്രവണതയും സിനിമാ മേഖയില്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നടുക്കുന്ന ലൈംഗിക ചൂഷണ വെളിപ്പെടുത്തലുകളാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുളളത്. അതേസമയം സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.