ജസ്ന മരിയയെ മുണ്ടക്കയത്തെ ഒരു ലോഡ്ജിൽ വച്ച് കണ്ടതായി വെളിപ്പെടുത്തിയ സ്ത്രീയുടെ മൊഴിയെടുക്കാൻ സിബിഐ മുണ്ടക്കയത്തെത്തും. കോരുത്തോട് സ്വദേശിനിയുടെ ആരോപണം തള്ളിയ ലോഡ്ജ് ഉടമയോടും വിവരങ്ങൾ തേടും. കാണാതാകുന്നതിന് രണ്ടുമാസം മുൻപ് ജസ്നയെ മുണ്ടക്കയത്തെ ഒരു ലോഡ്ജിൽ വച്ച് യുവാവിനൊപ്പം കണ്ടു എന്നായിരുന്നു ആരോപണം. ആരോപണമുയർത്തിയ സ്ത്രീയെയും ലോഡ്ജ് ഉടമയെയും ഇന്നലെ മുണ്ടക്കയം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വിവരങ്ങൾ തേടിയിരുന്നു. വെളിപ്പെടുത്തലിൽ ഉറച്ചുനിൽക്കുന്നതായി കോരുത്തോട് സ്വദേശിനി ആവർത്തിച്ചു.
അതേസമയം, ജസ്ന മരിയയുടെ സിസിടിവി ദൃശ്യങ്ങളിലെ സ്ഥലത്തോട് ഏറ്റവും ചേർന്ന് സ്ഥിതി ചെയ്യുന്നതാണ് മുണ്ടക്കയം ടൗണിലെ ഇ.ടി.എസ് ലോഡ്ജ്. കാണാതാവുന്നതിന് രണ്ടു മാസങ്ങൾക്കു മുൻപ് ജസ്നയെ ലോഡ്ജിൽ വച്ച് കണ്ടതായാണ് കോരുത്തോട് സ്വദേശിനിയുടെ ആരോപണം. പല്ലിലെ ക്ലിപ്പും മുഖവും കൃത്യമായി ഓർത്തെടുക്കാൻ കഴിയും. കൂടെ 25 വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരൻ ഉണ്ടായിരുന്നെന്നും ആരോപണം
എന്നാൽ തന്റെ ലോഡ്ജിൽ വർഷങ്ങളായി വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്ന സ്ത്രീയെ ലോഡ്ജിൽ കയറ്റാതായതിന്റെ വൈരാഗ്യമാണ് ഇതിന് പിന്നിൽ എന്ന് ലോഡ്ജ് ഉടമ. പുതിയ ആരോപണങ്ങൾ കേട്ട് സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരും ലോഡ്ജിനെയും ആരോപണമുയർത്തിയ സ്ത്രീയുടെയും പ്രവർത്തനങ്ങളെക്കുറിച്ച് സംശയം ഉയർത്തി. ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന പേരിൽ ലോഡ്ജ് ഉടമയ്ക്കെതിരെ ആഴ്ചകൾക്കു മുൻപ് ആരോപണമുയർത്തിയ സ്ത്രീ പരാതി നൽകിയിട്ടുണ്ട്. ഇവരുടെത് വ്യാജ ആരോപണമെന്ന് ജസ്നയുടെ പിതാവ്.