കാണാതാകുന്നതിന് രണ്ടുമാസം മുൻപ് ജസ്ന മരിയയെ മുണ്ടക്കയത്തെ ലോഡ്ജിൽ യുവാവിന് ഒപ്പം കണ്ടു എന്ന ആരോപണം ഉയർത്തിയ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി സിബിഐ. മുണ്ടക്കയം ടിബിയിൽ എത്തിയ തിരുവനന്തപുരത്തുനിന്നുള്ള സിബിഐ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ആരോപണമുയർത്താൻ വൈകിയതിൽ കുറ്റബോധം ഉണ്ടെന്നും കോരുത്തോട് സ്വദേശിനി പറഞ്ഞു
ജെസ്നയെ കണ്ടു എന്നു പറയപ്പെടുന്ന മുണ്ടക്കയം ഇ. ടി.എസ് ലോഡ്ജിന്റെ ഉടമ ബിജു സേവിയറിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സിബിഐ സംഘം ആരോപണമുയർത്തിയ കോരുത്തോട് സ്വദേശിനിയെ വിശദമായ മൊഴിയെടുക്കാനായി മുണ്ടക്കയം ടിബിയിലേക്ക് വിളിച്ചു വരുത്തിയത്. മൊഴിയെടുക്കൽ മൂന്നുമണിക്കൂർ നീണ്ടു. തന്നെക്കുറിച്ച് അപവാദം പറഞ്ഞിരുന്ന ലോഡ്ജ് ഉടമയ്ക്കെതിരെ തനിക്കറിയാവുന്ന കാര്യങ്ങളും പറയുകയാണെന്ന് കോരുത്തോട് സ്വദേശിനി
ലോഡ്ജ് ഉടമ ബിജു സേവ്യറിന്റെയും കോരുത്തോട് സ്വദേശിനിയുടെയും മൊഴിയെടുത്ത സിബിഐ സംഘം മുണ്ടക്കയത്ത് നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ശേഷം മടങ്ങും.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഇവരുടെ മൊഴിയെടുത്തിരുന്നതെങ്കിലും ആരോപണത്തിൽ കഴമ്പില്ലെന്നു കണ്ട് അന്വേഷണം ആ വഴിക്ക് നടത്തിയിരുന്നില്ല.. ലോഡ്ജിൽ വച്ച് 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിനൊപ്പം കണ്ടു എന്ന കോരുത്തോട് സ്വദേശിനിയുടെ ആരോപണത്തെ ലോഡ്ജ് ഉടമ തള്ളുകയും ഈ മൊഴി ഇന്നലെ സിബിഐക്ക് നൽകുകയും ചെയ്തിരുന്നു. ലോഡ്ജിൽ വെച്ച് കണ്ട 25 കാരനെ ഇനി തിരിച്ചറിയില്ലെന്ന് കോരുത്തോട് സ്വദേശിനി മൊഴി നൽകിയതോടെ അന്വേഷണം ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോയേക്കില്ല.