പെണ്‍കുട്ടിയുടെ കുടുംബം കേരളത്തിലെത്തിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളുവെന്ന് റിപ്പോര്‍ട്ട്. അസമില്‍ നിന്ന് കേരളത്തിലേക്കാണ് ആദ്യമായി പെണ്‍കുട്ടി ട്രെയിന്‍ യാത്ര നടത്തിയതെന്ന് പിതാവ് പറയുന്നു. കാണാതെയാകുമ്പോള്‍ താന്‍ വീട്ടിലില്ലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മയും വെളിപ്പെടുത്തി. പെണ്‍കുട്ടിയെ കൂടാതെ മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. മൂത്ത മകന്‍ ചെന്നൈയിലാണ് ജോലി ചെയ്യുന്നതെന്നും കുടുംബം പറയുന്നു.
ഇളയ കുട്ടികളുമായി വഴക്കിട്ടതിനാണ് പെണ്‍കുട്ടിയെ അമ്മ വഴക്കു പറഞ്ഞത്. പെണ്‍കുട്ടിയെ കാണാതായതിനൊപ്പം 50 രൂപയടങ്ങിയ പേഴ്സും വീട്ടില്‍ നിന്ന് നഷ്ടമായെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ കൈവശവും നാല്‍പത് രൂപയോളം മാത്രമാണ് ഉണ്ടായിരുന്നത്. ഒരു മാസം മുന്‍പ് മാത്രം കേരളത്തിലെത്തിയ ദമ്പതികള്‍ മക്കള്‍ക്ക് കഴക്കൂട്ടത്തെ സ്കൂളില്‍ അഡ്മിഷന്‍ എടുത്തിട്ടേയുണ്ടായിരുന്നുള്ളൂ.
ഇന്നലെയാണ് കഴക്കൂട്ടത്ത് നിന്നും 13കാരി കുട്ടിയെ കാണാതെയായത്. തിരുവനന്തപുരത്ത് എത്തിയ പെണ്‍കുട്ടി തമ്പാന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് ഒരുമണിക്കുള്ള ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ് ട്രെയിനില്‍ കയറി പോവുകയായിരുന്നു. ട്രെയിനില്‍ ഇരുന്ന് കരയുന്നത് കണ്ടതില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ബബിത എന്ന വിദ്യാര്‍ഥി പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അസമീസ് ഭാഷ മാത്രമേ പെണ്‍കുട്ടിക്ക് വശമുള്ളൂവെന്നതിനാല്‍ നടന്നില്ല. തുടര്‍ന്ന് ബബിത ഫോട്ടോയെടുക്കുകയും ഇത് പൊലീസിന് കൈമാറുകയുമായിരുന്നു.
കുട്ടിയെ കന്യാകുമാരിയില്‍ കണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. പുലര്‍ച്ചെ അഞ്ചരയോടെ കുട്ടി കന്യാകുമാരിയിലെത്തിയെന്നും ബീച്ച് ഭാഗത്തേക്ക് പോകുന്നത് കണ്ടെന്നും ഓട്ടോ ഡ്രൈവര്‍മാരാണ് മൊഴി നല്‍കിയത്.