TOPICS COVERED

രോഗക്കിടക്കയിൽ നിന്ന് വൈക്കം സ്വദേശിയായ ഉദയകുമാർ പൂർത്തിയാക്കിയ കവിതാ സമാഹാരം പ്രകാശനം ചെയ്തു.കഴിഞ്ഞ പതിന്നൊന്ന് വർഷത്തിനിടെ ഉദയകുമാർ പറഞ്ഞു കൊടുത്ത് ഭാര്യ എഴുതി പൂർത്തിയാക്കിയ 51 കവിതകളുടെ സമാഹാരമാണ് കവി കുരീപ്പുഴ ശ്രീകുമാർ  പ്രകാശനം ചെയ്തത്.   കുലശേഖരമംഗലത്തെ ഉദയകുമാറിൻ്റെ വീട്ടുമുറ്റത്ത് നടന്ന  സ്നേഹ കൂട്ടായ്മയിലായിരുന്നു പുസ്തക പ്രകാശനം 

വീടിൻ്റെ മുറ്റത്തെ ചടങ്ങിൽ  നാട്ടുകാരുടെ മുന്നിൽ കവി കുരീപ്പൂഴ ശ്രീകുമാർ തൻ്റെ കവിത ചൊല്ലിയപ്പോൾ അകത്തെ മുറിയിലെ കിടക്കയിൽ മനം നിറഞ്ഞ സന്തോഷ കണ്ണീരിലായി ഉദയകുമാർ. തളർന്ന ശരീരത്തിലെ മനസിൽ  വിരിയുന്ന കവിതകളെ കുറിച്ച് കവി കുരീപ്പുഴ ശ്രീകുമാറും വാചാലനായി

പതിനൊന്ന്  വർഷം മുമ്പ് മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന അപൂർവ്വ രോഗത്താൽ ശരീരം തളർന്നതോടെയാണ് ഉദയകുമാർ കവിതകൾ എഴുതി തുടങ്ങുന്നത്. മനസിൽ എഴുതിയ കവിതകൾ അവ്യക്ത ശബ്ദത്തിൽ ഉദയകുമാർ പറഞ്ഞു കൊടുക്കുന്നത് കേട്ട് ഭാര്യ വത്സല അത് എഴുതി പൂർത്തിയാക്കി. ഈണം തേടുന്ന മൗനം എന്ന പേരിലാണ് കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത് . ഉദയകുമാറിൻ്റെ കവിതകളെക്കുറിച്ച് വൽസലയുടെ സുഹൃത്തായ സുഷമ ദാസ് സമൂഹമാദ്ധ്യമങ്ങളിലെഴുതിയതോടയാണ് പുസ്തകമിറങ്ങാനുള്ള വഴിയൊരുങ്ങിയത്. എഴുത്തിലൂടെ ജീവിതം തിരിച്ചു പിടിച്ച് ഉദയകുമാറും   ഒപ്പം ചേർന്ന്  ഭാര്യ വൽസലയും കവിതയിലൂടെ അതിജീവനം തുടരുകയാണ്.  

ENGLISH SUMMARY:

Udayakumar's poetry collection has been released