TOPICS COVERED

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കുട്ടിയുടെ കുടുംബത്തിന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ല. പ്രോസിക്യുഷനെ നിയമിക്കുന്നത് വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കുട്ടിയുടെ കുടുംബം. പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ അർജുനെ വെറുതെ വിട്ട വിധിയിൽ അപ്പീൽ നൽകി എട്ട് മാസം പിന്നിട്ടിട്ടും വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയിൽ എന്ന നോട്ടീസ് മാത്രമാണ് കുടുംബത്തിന് ലഭിച്ചത്.

കഴിഞ്ഞവർഷം ഡിസംബർ 14നാണ് ആറ് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് കണ്ടെത്തിയ അർജുനെ കട്ടപ്പന അതിവേഗ പോക്സോ കോടതി വെറുതെ വിട്ടത്. അന്വേഷണത്തിൽ അപാകതയുണ്ടെന്നും അർജുനെ ശിക്ഷിക്കാൻ തെളിവുകളില്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ. വിധിയിൽ വ്യാപക പ്രതിഷേധമുണ്ടായതോടെ അന്വേഷണത്തിൽ വീഴ്ച ഉണ്ടായി എന്ന് ചൂണ്ടിക്കാണിച്ച് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കുട്ടിയുടെ കുടുംബം നിർദ്ദേശിക്കുന്ന ആളെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും കുടുംബം നിർദ്ദേശിച്ചവരെ പ്രോസിക്യുട്ടറാക്കാൻ നടപടി എടുത്തിട്ടില്ല 

വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടറായ അംബിക ദേവിക്കാണ് അപ്പീലിൽ താൽക്കാലിക ചുമതല. എന്നാൽ കുടുംബം ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെ നിയമിക്കാത്തത് കേസ് അട്ടിമറിക്കാനാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

ENGLISH SUMMARY:

Vandiperiyar case: Govt not providing justice to six-year-old girl's family