തനിക്കുണ്ടായ ദുരനുഭവം ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ അന്നത്തെ സംഭവങ്ങള്‍ മനോരമ ന്യൂസിനോട് വിവരിച്ച് സംവിധായകന്‍ ജോഷി ജോസഫ്. നടിക്ക് സിഗരറ്റ് വലിക്കുന്ന ശീലമുണ്ടെന്ന് മനസിലാക്കിയതോടെ അവര്‍ വഴങ്ങുമെന്ന് സംവിധായകന്‍ രഞ്ജിത്ത് ധരിച്ചെന്ന് ജോഷി ജോസഫ് പറഞ്ഞു
ജോഷി ജോസഫിന്‍റെ വാക്കുകള്‍ ഇങ്ങനെ. 'സിഗരറ്റ് വലിക്കുന്നു എന്നതില്‍ നിന്നും അവര്‍ അവൈലബിള്‍ ആണ് എന്നൊരു സിഗ്നല്‍ ആണ് സംവിധായകന് ലഭിച്ചത്. നിങ്ങള്‍ മലയാളികള്‍ അങ്ങനെയാണോ, സിഗരറ്റ് വലിക്കുന്നു എന്നതിന് അര്‍ത്ഥം ഞാന്‍ അവൈലബിള്‍ ആണ് എന്നാണോ എന്ന് ദേഷ്യത്തോടെ അവര്‍ എന്നോട് ചോദിച്ചു,' ജോഷി പറഞ്ഞു. ശ്രീലേഖ മിത്രയ്ക്കുണ്ടായ ദുരനുഭവം സ്ഥിരീകരിച്ച ജോഷി ജോസഫ് നടി വന്നത് അഭിനയിക്കാന്‍ തന്നെയാണെന്നും ഓഡിഷനുവേണ്ടിയല്ലന്നും പറഞ്ഞു. നിയമനടപടിയുമായി ശ്രീലേഖ മുന്നോട്ടുപോകുമെന്ന് മനസിലാക്കുന്നു. എല്ലാ പിന്തുണയും നല്‍കും.
രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഹോട്ടലിലെ ബാല്‍ക്കണിയില്‍വച്ച് മോശമായി പെരുമാറിയെന്ന് നടി. വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചു. തുടര്‍ന്ന് കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. ലൈംഗികമായി ഉപദ്രവിച്ചില്ല, എന്നാല്‍ അതിലേക്കുള്ള സൂചനകള്‍ നല്‍കിയെന്നും നടി പറഞ്ഞു.