പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അനധികൃത കടകളുണ്ടെങ്കില്‍ ഉടന്‍ ഒഴിപ്പിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ നടപ്പാക്കുന്നതിനൊപ്പം സുരക്ഷാ ജീവനക്കാരെയും നിയമിക്കും. ഇതര സംസ്ഥാനങ്ങളിലേക്ക് ഉള്‍പ്പെടെ പാലക്കാട് നിന്നും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ഉടന്‍ തുടങ്ങുമെന്നും ഗണേഷ് കുമാര്‍ പാലക്കാട് പറഞ്ഞു.
അപകടസാധ്യത കൂട്ടുന്ന കടകള്‍ നീക്കണമെന്ന് യാത്രക്കാരും ജീവനക്കാരും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഡിപ്പോയുടെ കവാടത്തില്‍ ഇത്രയേറെ കടകളുടെ ആവശ്യമില്ലെന്നും അനധികൃതമായി പ്രവര്‍ത്തിക്കുന്നവ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ വിശ്രമമുറി കൂടുതല്‍ സുരക്ഷ ഉറപ്പാക്കി തുറന്ന് നല്‍കും. ജീവനക്കാര്‍ക്കും വിശ്രമത്തിനുള്ള സൗകര്യം വിപുലപ്പെടുത്തും. രാത്രികാലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി സാമൂഹ്യവിരുദ്ധശല്യം ഒഴിവാക്കും. തമിഴ്നാട്ടിലേക്കും, കര്‍ണാടകയിലേക്കും ഉള്‍പ്പെടെ കൂടുതല്‍ മിന്നല്‍ സര്‍വീസുകള്‍ പാലക്കാട് നിന്നും തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് സ്പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അടുത്തമാസം തുടങ്ങി ഒറ്റത്തവണയായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍ഗണനയെന്നും ഗതാഗതമന്ത്രി.