ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ സംരക്ഷിച്ചുള്ള മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനകള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേരാത്തതെന്ന് സംവിധായകന്‍ ആഷിഖ് അബു. അന്വേഷണത്തിന് പോലും തയ്യാറാവാതെ വേട്ടക്കാരനൊപ്പം നില്‍ക്കുകയാണ് മന്ത്രി. ഇത് സര്‍ക്കാരിന്‍റെ പ്രഖ്യാപിത നിലപാടല്ലെന്നും തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ആഷിഖ് പറഞ്ഞു. മന്ത്രിക്ക് രാഷ്രീയ അജ്ഞതയാണ്. പാര്‍ട്ടി ക്ലാസ് കൊടുക്കണം. തിരുത്താന്‍ തയ്യാറാവണമെന്നും രഞ്ജിത്തിനെതിരായ ആരോപണത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആഷിഖ് പറഞ്ഞു.
അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്ന് ആനി രാജയും ആവശ്യപ്പെട്ടു. അന്വേഷണം നടത്തി സമയബന്ധിതമായി നടപടി ഉണ്ടാകണം. രഞ്ജിത്തിനെ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തി സുതാര്യമായ അന്വേഷണം വേണമെന്നും അവര്‍ പറഞ്ഞു.