siddique-revathy

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച നടന്‍ സിദ്ദീഖിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് യുവനടി രേവതി സമ്പത്ത്. നിലവില്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദങ്ങളിലും കേസുകളിലും പ്രശ്നപരിഹാരമാണ് വേണ്ടത്. വാക്കുകള്‍ക്കപ്പുറം സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നാണ് അറിയേണ്ടത്. അതാണ് ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് മനോരമ ന്യൂസ് കൗണ്ടര്‍പോയിന്‍റില്‍ രേവതി പറഞ്ഞത്.

ഇതുപോലെയുള്ള ആളുകളെ മാറ്റിനിര്‍ത്തുമ്പോഴാണ് അത് മാതൃകയാകുന്നത്. ഇത്തരക്കാര്‍ക്ക് ഇടം നല്‍കുന്നത് സമൂഹത്തിന് മോശം സന്ദേശമാണ് നല്‍കുക. എന്നെപ്പോലെയുള്ളവരുടെ സ്വപ്നത്തിനുമേല്‍ ചവിട്ടിനിന്നാണ് ഇത്തരക്കാര്‍ ഉയര്‍ന്നുവരുന്നത്. അത് അംഗീകരിക്കാനാവില്ല. ഇവരെയാണ് മാറ്റി നിര്‍ത്തേണ്ടത് എന്ന് രേവതി വ്യക്തമാക്കി. സിദ്ദീഖിനെതിരെ ഇനിയും ഇത്തരം പരാതികള്‍ ഉയര്‍ന്നുവരാനുള്ള സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മറ്റ് സത്രീകളോടും തന്നോടുണ്ടായ അതേ രീതിയിലുള്ള പെരുമാറ്റം സിദ്ദീഖിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഇത് എനിക്ക് മാത്രം സംഭവിച്ചിട്ടുള്ളതല്ല. അന്വേഷണം നടത്തിയാല്‍ കൂടുതല്‍ കേസുകള്‍ പുറത്തുവരും. എന്നെ മോളെ എന്നാണ് അയാള്‍ വിളിച്ചിരുന്നത്. എന്‍റെ മുത്തശ്ശന്‍റെ പ്രായമുള്ള ആളായതുകൊണ്ട് ഞാന്‍ അങ്കിള്‍ എന്നാണ് തിരിച്ചു വിളിച്ചിരുന്നത്. ഞാന്‍ അങ്ങനെയാണ് അയാളെ കണ്ടിരുന്നത്.

പക്ഷേ ഈ സംഭവം നടക്കുമ്പോള്‍ ഞാന്‍ അലറി പറയുന്നുണ്ട്. എന്നാല്‍ നീ എന്നെ എങ്ങനെ വേണമെങ്കിലും കണ്ടോ പക്ഷേ ഞാന്‍ നിന്നെ അങ്ങനെയല്ല കണ്ടത് എന്നാണ് ഭാവഭേദമില്ലാതെ അയാള്‍ പറഞ്ഞത് എന്നും രേവതി ഓര്‍ത്തെടുത്തു. സിദ്ദീഖിന്‍റെ രാജിയെക്കുറിച്ചുള്ള അവതാരകന്‍റെ ചോദ്യത്തിന് ഇതില്‍ എന്താണ് ധാര്‍മികത? ചവിട്ടി പുറത്തിടേണ്ട ആളാണ് അയാള്‍ എന്നായിരുന്നു രേവതിയുടെ മറുപടി.

സ്ഥാനം രാജിവയ്ക്കുന്നതിലല്ല, അവരെ സാമൂഹികമായും കലാമേഖലയില്‍ നിന്നും മാറ്റിനിര്‍ത്തണം. എല്ലായിടവും അവര്‍ക്കു മുന്നില്‍ തുറന്നുകിടക്കുകയാണ്. അതാണ് അവരുടെ ധൈര്യവും. അതുകൊണ്ടാണല്ലോ നീ എന്തു പോയി പറഞ്ഞാലും ആളുകള്‍ നിന്നെ വിശ്വസിക്കാന്‍ പോകുന്നില്ല, എന്നെ സ്വീകരിക്കുന്ന വലിയൊരു സമൂഹം തന്നെയുണ്ട് എന്ന തരം വാചകങ്ങള്‍ പറയുന്നത്. ഫാന്‍സടക്കം എല്ലാവരും തങ്ങളെ ഹാരമിട്ട് സ്വീകരിക്കാനുണ്ടെന്ന ഉറപ്പിന്മേലാണല്ലോ ഇവര്‍ ഇതൊക്കെ പറയുന്നത്. അവര്‍ക്ക് അതിനുള്ള ഇടം നല്‍കാതിരിക്കുക.

അതിജീവിതരെ വിശ്വസിക്കുക. അവരെ മനസ്സിലാക്കുക എന്നേ പറയാനുള്ളൂ. ഇതിനു മുന്‍പും പല പരാതികളും സര്‍ക്കാരില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ നീതി നിഷേധിക്കപ്പെടുന്നു, എല്ലായിടത്തും തടസ്സമാണ്. നിയമപോരാട്ടത്തിനിറങ്ങിയാല്‍ പലയിടത്തും വെര്‍ബര്‍ റേപ്പ് നേരിടേണ്ടി വരുന്നു. ഒരു ഘട്ടമെത്തുമ്പോള്‍ സ്വയം തെറ്റാണോ ചെയ്യുന്നതെന്ന ചോദ്യം ചോദിക്കുന്ന സാഹചര്യമുണ്ടാകുന്നു. കേസുമായി മുന്നോട്ടുപോകുമ്പോള്‍ പലയിടത്തും ഇതൊക്കെ എന്തോ മോശപ്പെട്ട കാര്യമാണ്. എന്‍റെ പ്രശ്നം കൊണ്ടാണ് എനിക്ക് ഇങ്ങനെ വന്നത് എന്നുപോലും ചിന്തിച്ചുപോകുന്നു. ഞാന്‍ എന്നെ പഴിക്കുന്ന ഘട്ടമുണ്ടായി. 

 

ഇതിലൊക്കെ മാറ്റം വരണം. അതിജീവിതര്‍ക്ക് ഭയപ്പെടാതെ പരാതിയുമായി മുന്നോട്ടു പോകാനുള്ള സാഹചര്യമുണ്ടാകണം. അതിനു വേണ്ടിയാണ് എല്ലാവരും സ്വരമുയര്‍ത്തുന്നത്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തുമ്പോള്‍ പോലും എന്തൊക്കെ പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്. സൈബര്‍ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ അവിടെ നിന്നും മോശം സാഹചര്യങ്ങളുണ്ടായി. പൊലീസുകാര്‍ തൊട്ടടുത്തു വന്നുനിന്നു. സംസാരിക്കുമ്പോള്‍ മുഖത്ത് തുപ്പല് തെറിക്കുന്നയത്ര അടുത്ത്. 

എന്നും ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോകണം. പുറകേ അലയണം. എന്നാല്‍ കേസിനെക്കുറിച്ച് എന്നോട് ഒന്നും വ്യക്തമാക്കുന്നില്ല. വിഡിയോകള്‍ ഡിലീറ്റ് ചെയ്യുന്നു എന്നതിലുപരി അത് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയില്ല. എവിടെ നിന്നും നീതി കിട്ടിയില്ല. അക്ഷരാര്‍ഥത്തില്‍ പേടിപ്പെടുത്തുന്നതാണ് ഇത്. ഈ സാഹചര്യങ്ങളാണ് മാറേണ്ടത്. ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. പൊതുസമൂഹത്തില്‍ നിന്നും അതിജീവിതര്‍ക്കു നേരെയുള്ള പെരുമാറ്റത്തില്‍ ചെറിയൊരു മാറ്റം ഇന്ന് വന്നിട്ടുണ്ട്. ആ ചെറിയ മാറ്റത്തിനു തന്നെ വലിയ പ്രസക്തിയുണ്ട്.

ENGLISH SUMMARY:

Actress Revathy Sampath accuses actor Siddique of Sexual Abuse. Same cases will raise against him soon, she added in Manorama News debate programme Counter Point.