sandhya-on-production-contr
  • 'ദുരനുഭവം മിക്കവര്‍ക്കുമുണ്ട്'
  • പരാതിയുമായി കൂടുതല്‍ നടിമാര്‍
  • പരാതിപ്പെടാന്‍ ഫോണ്‍ നമ്പര്‍ പ്രസിദ്ധീകരിക്കാന്‍ പൊലീസ്

സിനിമയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് പ്രൊഡക്ഷൻ കൺട്രോളർമാരും കാസ്റ്റിങ് ഡയറക്ടർമാരും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് നടി സന്ധ്യ. ഭൂരിപക്ഷം പേരും ഈ ദുരനുഭവത്തിലൂടെയാണ് കടന്നുപോകുന്നത്. ഒറ്റപ്പെടുമെന്ന് ഭയന്നാണ് ഇതുവരെ തുറന്ന് പറയാതെയിരുന്നത്. സിനിമയിലും, പരസ്യങ്ങളിലും വിവേചനം നിലനിൽക്കുന്നുവെന്നും പ്രതിഫലത്തിലും ഭക്ഷണത്തിലുമടക്കം വിവേചനമെന്നും സന്ധ്യ മനോരമ ന്യൂസിനോട് പറഞ്ഞു.

 

അതേസമയം, സിനിമയിലെ ലൈംഗിക ചൂഷണങ്ങളില്‍ നിയമവഴിയെ നീങ്ങാന്‍ തയ്യാറായി കൂടുതല്‍ വനിതകള്‍. വി.കെ. പ്രകാശിനെതിരെ പരാതി നല്‍കുമെന്ന് കഥാകൃത്തും ജയസൂര്യയ്ക്കും മുകേഷിനുമെതിരെ പരാതി നല്‍കുമെന്ന് മിനു മുനീറും വ്യക്തമാക്കി. ബാബുരാജിനും ശ്രീകുമാര്‍ മേനോനുമെതിരെ പരാതി നല്‍കുമെന്ന് യുവനടിയും വെളിപ്പെടുത്തി. അതേസമയം, സിദ്ദിഖിനെതിരെ പരാതി നല്‍കുമോയെന്നതില്‍ രേവതി സമ്പത്തിന്‍റെ നിലപാട് ഇന്നറിയാം. ലൈംഗിക പീഡന പരാതി സമൂഹമാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഉന്നയിച്ചവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പൊലീസും ആരംഭിച്ചു. തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് ആദ്യയോഗം ചേരും. 

സിനിമയിലെ ലൈംഗിക പീഡന പരാതി നൽകാൻ ഫോൺ നമ്പരുകൾ നൽകാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. രഹസ്യമായി പരാതി പറയാൻ അവസരം ഒരുക്കാനായാണ് നമ്പർ സൗകര്യം നല്‍കുന്നത്. അതേസമയം, ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ ആർക്കെങ്കിലും പരാതി നൽകാൻ താൽപര്യം ഉണ്ടെങ്കിൽ നമ്പറുകളിൽ ബന്ധപ്പെട്ടാൽ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. 4 വനിത ഉദ്യോഗസ്ഥർക്ക് മേഖല തിരിച്ച് അധികാരം കൈമാറും. തെക്കൻ കേരളത്തിലെ പരാതികൾ അജിത ബീഗം , മെറിൻ ജോസഫ് എന്നിവരും മധ്യകേരളത്തിൽ ജി. പൂങ്കുഴലിയും വടക്കൻ കേരളത്തിൽ ഐശ്വര്യ ഡോഗ്രെയുമാവും അന്വേഷിക്കുക. സംസ്ഥാനത്തെ എല്ലാ കേസുകളും അന്വേഷിക്കാനാവുന്ന തരത്തിൽ പ്രത്യേക സംഘത്തിന് സംസ്ഥാന വ്യാപക അധികാരപരിധി നൽകി ഡിജിപി ഉത്തരവിറക്കി.

ENGLISH SUMMARY:

Actress Sandhya alleges that production controllers and casting directors have threatened that she would have to stay at home if she is not willing to cooperate.