മുകേഷ്, ഇടവേള ബാബു തുടങ്ങി ഏഴുപേർക്കെതിരെ പരാതി നൽകിയ നടിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. നടിയുടെ ആലുവയിലെ ഫ്ലാറ്റിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.  മൊഴികൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും പരാതികളിൻമേൽ  കേസെടുക്കുക.

രാവിലെ പത്തരയോടെയാണ് ഡിഐജി അജിതാബീഗം, എ.ഐ.ജി ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നടിയുടെ ആലുവയിലെ ഫ്ലാറ്റിൽ എത്തിയത്. ഏഴ് പരാതികളാണ് നടി പൊലീസിന് നൽകിയിട്ടുള്ളത്. മുകേഷ് എം.എൽ.എ, ഇടവേള ബാബു, മണിയൻപിള്ള രാജു, ജയസൂര്യ, കോൺഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ തുടങ്ങിയവർക്കെതിരെയാണ് പരാതികൾ. ഓരോ പരാതിയും വിശദമായി അന്വേഷിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

മൊഴികൾ പരിശോധിച്ച ശേഷമായിരിക്കും കേസെടുക്കുന്നതിൽ അന്വേഷണസംഘം തീരുമാനമെടുക്കുക. ആരോപണങ്ങൾ വർഷങ്ങൾക്ക് മുന്നെ നടന്നിട്ടുളളതും ഗൗരവമേറിയതുമായതിനാൽ സാഹചര്യ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കേണ്ട ദൗത്യമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. നടിയുടെ പക്കലുള്ള തെളിവുകളും അന്വേഷണത്തിൽ നിർണായകമാകും. 

ENGLISH SUMMARY:

Complaint against seven people including Mukesh; The statement of the actress was recorded