TOPICS COVERED

ഇടുക്കി പരുന്തുംപാറ ചൊക്രമുടി മേഖലകളിലെ കയ്യേറ്റങ്ങളിൽ നടപടിയെടുക്കാതെ റവന്യൂ വകുപ്പിന്റെ മെല്ലെപ്പോക്ക്. നിർമാണ നിരോധനം നിലനിൽക്കുന്ന മേഖലകളിലെ കയ്യറ്റങ്ങൾക്കെതിരെ പരാതി വ്യാപകമായതോടെ സ്റ്റോപ്പ് മെമ്മോ നൽകി റവന്യൂ വകുപ്പ് തലയൂരി. കയ്യറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി കോണ്‍ഗ്രസും രംഗത്തുണ്ട്.

നിർമ്മാണം പൂർത്തിയായ കാലം മുതൽ മണ്ണും പാറയും ഇടിഞ്ഞുവീണ് ഗതാഗത തടസമുണ്ടാകുന്ന മൂന്നാർ ഗ്യാപ്പ് റോഡിന് സമീപം ചൊക്രമുടിയിലാണ് വ്യാപക കയ്യേറ്റം നടന്നത്. സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും പരിസ്ഥിതി ലോല മേഖലയിൽ നിർമ്മാണ പ്രവർത്തനത്തിന് എൻ ഒ സി നൽകിയതിൽ റവന്യു വകുപ്പിന് വ്യക്തതയില്ല. പലതവണ പരാതിപ്പെട്ടിട്ടും മേഖലയിലെ കയ്യേറ്റത്തിനെതിരെ കർശന നടപടിയെടുക്കാൻ റവന്യൂ വകുപ്പ് തയ്യാറാകത്തതിന്റെ ആശങ്കയിലാണ് ബൈസൺവാലി നിവാസികൾ.

വിനോദസഞ്ചാര മേഖലയായ പരുന്തുംപാറയിൽ 110 ഏക്കർ കയ്യേറിയവർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. കയ്യേറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ ആവർത്തിക്കുമ്പോഴും കയ്യേറ്റക്കാരുടെ പട്ടിക റവന്യൂ അധികൃതർ പൊലീസിന് കൈമാറിയിട്ടില്ല. എന്നാൽ കയ്യേറ്റത്തിൽ പങ്കില്ലെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. സർക്കാരിന്റെ അറിവോടെയാണ് കയ്യേറ്റമെന്നാണ് യു ഡി എഫിന്റെ ആരോപണം. കർശന നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം.