മലയാളികളുടെ സംവാദ വേദിയായ മനോരമ ന്യൂസ് കോൺക്ലേവിന് നാളെ തിരുവനന്തപുരത്ത് അരങ്ങുണരും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി രാജ്യം കേൾക്കാനാഗ്രഹിക്കുന്നവരുടെ ശബ്ദങ്ങൾ മുഴങ്ങും. കോൺക്ലേവിനായി തിരുവനന്തപുരത്തെത്തിയ പ്രതിരോധ മന്ത്രിയെ മലയാള മനോരമ ചീഫ് എഡിറ്റർ മാമൻ മാത്യുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു
ഭാവിയെ കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കാനുള്ള ഇടമാണ് എല്ലാ തവണയും മനോരമ ന്യൂസ് കോൺക്ലേവ് തുറന്നിടുന്നത്. സാമ്പത്തിക തലസ്ഥാനമായ കൊച്ചിക്കും സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിനും ശേഷമാണ് കോൺക്ലേവ് തലസ്ഥാന നഗരിയിലെത്തുന്നത്. രാഷ്ട്രീയം മുതൽ സിനിമയും ഉന്നത വിദ്യാഭ്യാസ രംഗവും വരെ ഇക്കുറിയും കോൺക്ലേവിലെ സംവാദ വിഷയങ്ങളാണ്. 'ചെയ്ഞ്ച് മേക്കേഴ്സ്' കോൺക്ലേവ് നാളെ രാവിലെ 10ന് ഹോട്ടൽ 'ഓ ബൈ താമര'യിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങാണ് ഉദ്ഘാടനം ചെയ്യുക)
'കേരളം മാറുന്ന മട്ടുണ്ടോ' എന്ന ചോദ്യത്തിന് കെ.സി.വേണുഗോപാലും മന്ത്രി പി.രാജീവും, മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും ഉത്തരങ്ങളും ആശയങ്ങളും തേടും. ഇന്ത്യ കേൾക്കേണ്ട ശബ്ദ'ത്തെക്കുറിച്ചാണ് ദേശീയ രാഷ്ട്രീയത്തിലെ യുവതലമുറ സംവദിക്കുക. കുടിയേറ്റത്തിന്റെ മുഖംമാറ്റത്തെക്കുറിച്ച് സംസാരിക്കുന്നത് ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജൻ ജോസഫാണ്. പരിഹാരമില്ലാതെ ഇന്നും തുടരുന്ന മണിപ്പൂരിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ഇന്നർ മണിപ്പുർ എംപിയും ജെഎൻയു അസോഷ്യേറ്റ് പ്രഫസറുമായ ബിമൽ അകോയ്ജത്തിൻ്റെ വാക്കുകളും കേട്ടറിയേണ്ടതാണ്
കാനിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' താരങ്ങളെ ആദരിക്കുന്നതിനൊപ്പം, അവരുമായി സംവദിക്കാനുള്ള അവസരവും കോൺക്ലേവിലുണ്ട്. മലയാള സിനിമയിലെ കാതലായ മാറ്റങ്ങളെക്കുറിച്ച് യുവ സംവിധായകർ മനസ്സുതുറക്കും. സമീപവർഷങ്ങളിൽ സംസ്ഥാനത്തെ ദുരിതത്തിലാക്കിയ കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞൻ ഡോ.റോക്സി മാത്യു കോളും, ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരത്തെക്കുറിച്ച് ഡോ.ടോം ജോസഫും സംസാരിക്കും
സംസ്ഥാനം എങ്ങനെ ചലിക്കണം എന്ന് നിർണയിക്കുന്നതിൽ ഭരണകർത്താക്കൾക്കൊപ്പം നിർവഹണവിഭാഗത്തിനും തുല്യ പ്രാധാന്യമുണ്ട്. രാജ്യത്തിൻറെ തന്നെ വിനോദസഞ്ചാര മേഖലയ്ക്ക് ഇൻക്രെഡിബിൾ ഇന്ത്യ എന്ന ടാഗ് ലൈൻ സമ്മാനിച്ച, സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ഡോ.വി.വേണുവും ആ പദവി ഏറ്റെടുക്കാൻ ഒരുങ്ങുന്ന ജീവിതപങ്കാളി ഡോ.ശാരദ മുരളീധരനും കേരളം ഇനിയെങ്ങനെ വേണമെന്ന് നമ്മളോട് പറയും. ഭരണ-പ്രതിപക്ഷാംഗങ്ങളെ നിയമസഭയിൽ നിയന്ത്രിക്കുന്ന സ്പീക്കർ എ.എൻ.ഷംസീർ മനോരമ ന്യൂസ് അവതാരകരെ ചോദ്യങ്ങൾ കൊണ്ട് നേരിടും. കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി പാർലമെൻ്റ് അംഗവും, കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കും കോൺക്ലേവിൻ്റെ അവസാന ഘട്ടത്തിൽ ഏറെ പറയാനുണ്ടാകും. കാണാം, ശ്രദ്ധിക്കാം. നാളെ ഇടതടവില്ലാതെ