jayasurya-actor

തനിക്കുനേരെ ഉയര്‍ന്നത് വ്യാജ ലൈംഗികാതിക്രമ പരാതിയെന്ന് നടന്‍ ജയസൂര്യ. നിയമപോരാട്ടം നടത്തും.ജയസൂര്യക്കെതിരെ പരാതി നൽകിയ കൊച്ചിയിലെ നടിയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയിൽ വെച്ച് കടന്നുപിടിച്ചു എന്നാണ് പരാതി. ഇതിൻറെ അടിസ്ഥാനത്തിൽ കൻ്റോൺമെൻറ് പോലീസ് എടുത്ത കേസിന്റെ ഭാഗമായിട്ടാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. അതോടൊപ്പം സെക്രട്ടറിയേറ്റിൽ പരിശോധന നടത്താനുള്ള അനുമതിയും പോലീസ് തേടിയിട്ടുണ്ട്. 

2008ൽ ചിത്രീകരിച്ച ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അതിക്രമം എന്നാണ് പരാതി. അതേസമയം സിദ്ദിഖിനെതിരായ ബലാത്സംഗ കേസിൽ കുറ്റകൃത്യം നടന്നതായി പറയുന്ന മസ്കറ്റ് ഹോട്ടലിലെ സന്ദർശക രജിസ്റ്റർ കണ്ടെത്താനുള്ള നടപടി പോലീസ് തുടങ്ങി. പരാതിക്കാരി മൊഴിയിൽ പറഞ്ഞ 2016 ജനുവരി 28ന് സിദ്ദിഖ് മസ്കറ്റ് ഹോട്ടലിലെ 118 ആം നമ്പർ റൂമിൽ താമസിച്ചിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചിരുന്നു. അതേദിവസം പരാതിക്കാരിയും ഹോട്ടലിൽ എത്തി എന്ന സ്ഥിരീകരിച്ചാൽ അത് കേസിലെ നിർണായക തെളിവാകും. രണ്ടുതവണ നടത്തിയ പരിശോധനയിൽ സന്ദർശക രജിസ്റ്റർ കണ്ടെത്താൻ ആയിട്ടില്ല.

2016 വർഷത്തെ സന്ദേശക രജിസ്റ്റർ നശിപ്പിച്ചിട്ടില്ല എന്നും മറ്റൊരു സ്ഥലത്ത് ഉപയോഗ ശൂന്യമായ ഫയലുകൾക്കൊപ്പം സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. ഇവിടെ നിന്ന് ആ ദിവസത്തെ സന്ദർശക രജിസ്റ്റർ കണ്ടെത്താനാണ് പ്രത്യേക അന്വേഷണസംഭവം ശ്രമം തുടങ്ങിയത്. ആ ദിവസങ്ങളിൽ ജോലി ചെയ്ത ജീവനക്കാരെ കണ്ടെത്തി മൊഴിയെടുക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. ഈ രണ്ടു കേസിലും സാഹചര്യ തെളിവുകളും മൊഴികളും പരമാവധി ശേഖരിച്ച ശേഷം മാത്രം പ്രതികളെ ചോദ്യം ചെയ്തു അടക്കമുള്ള നടപടികളിലേക്ക് കടന്നാൽ മതി എന്നാണ് പോലീസിന്റെ തീരുമാനം.