ഡി.ജി.പിയേക്കാൾ അധികാരമുള്ള സൂപ്പർ ഡി.ജി.പിയായാണ് എം.ആർ.അജിത് കുമാർ പൊലീസിൽ അറിയപ്പെടുന്നത്. പി ശശി വഴി മുഖ്യമന്ത്രിയിൽ ഉണ്ടാക്കിയെടുത്ത സ്വാധീനം ഉപയോഗിച്ച് അജിത് കുമാർ പല തവണ ആരോപണങ്ങളെയെല്ലാം മറികടന്നു. ഇത്തവണ കള്ളക്കടത്ത് മുതൽ മാഫിയ ബന്ധം വരെ ആരോപിക്കുന്നതോടെ അജിത് കുമാർ വഴി മുഖ്യമന്ത്രിയുടെ ഓഫീസും പ്രതികൂട്ടിലാവുകയാണ്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തൃശൂരിനിപ്പുറം തലസ്ഥാനത്തേക്ക് അടുപ്പിക്കാതെ മാറ്റിനിർത്തിയ ഉദ്യോഗസ്ഥനായിരുന്നു അജിത്കുമാർ. പി.ശശി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയതോടെ അജിത് കുമാറിന്റെ തലവര മാറി. ആദ്യം വിജിലൻസ് തലപ്പത്ത്. അവിടെയിരുന്ന് മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാനായി, സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിന്റെ സഹായി സരിതിനെ അനധികൃത കസ്റ്റഡിയിലെടുത്ത് നാണംകെട്ടതോടെ കസേര തെറിച്ചു.
എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ തിരിച്ചെത്തി. ഇതോടെ പി.ശശിയും അജിത് കുമാറുമെന്ന അധികാരകേന്ദ്രം രൂപം കൊണ്ടു. ഡിജിപി കസേരയിലിരുന്ന അനിൽ കാന്തിനെയും ഷെയ്ഖ് ദർവേഷ് സാഹിബിനെയും നോക്കുകുത്തിയാക്കി സർക്കുലറുകളും ഉത്തരവുകളും ഇറക്കിത്തുടങ്ങി. ജില്ലകളിൽ സ്വന്തമായി ഇന്റലിറലിജൻസ് ഉദ്യോഗസ്ഥർ, ഓഫീസിൽ സഹായിക്കാൻ ഐ.പി.എസ് ഓഫീസർ, വയനാട് ദുരന്ത രക്ഷാപ്രവർത്തനം സ്വയം ഏറ്റെടുക്കൽ ഇങ്ങിനെ ഡിജിപിയെ മറികടന്ന് അജിത് കുമാർ ചെയ്തത് ഒട്ടേറെ കാര്യങ്ങൾ. നവകേരളയാത്രക്ക് ചുക്കാൻ പിടിച്ചതോടെ മുഖ്യമന്ത്രിയുടെയും ഗുഡ് ബുക്കിൽ. മുഖ്യമന്ത്രിയുടെ വിദേശ യാത്രക്ക് മുൻപ് ഡി.ജി.പിയോട് പറയാതെ സിംഗപ്പൂരിൽ പറന്നിറങ്ങി. ഈ സ്വാധീനം ഉപയോഗിച്ച് എതിർത്തവരെ നേരിട്ടു.
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് വിവരങ്ങൾ ചോർത്തിയെന്ന പേരിൽ പി.വിജയന്റെ സസ്പെൻഷൻ ഒരു ഉദാഹരണം. സി.പി.എം നിർദേശിച്ചിട്ടും ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാതെ മുഖ്യമന്ത്രി സംരക്ഷിച്ച് നിർത്തുന്നതിനിടെയാണ് സമീപകാല ചരിത്രത്തിൽ ഒരു പൊലീസുകാരനും കേൾക്കാത്ത മാഫിയ ബന്ധവും കള്ളക്കടത്തും കൊലപാതകവും വരെ ആരോപണങ്ങൾ കേൾക്കുന്നത്. ഇനിയും മുഖ്യമന്ത്രിയുടെ സംരക്ഷണം ഉണ്ടാകുമോയെന്ന ചോദ്യമാണ് പൊലീസിൽ ഉയരുന്നത്.